വാഷിങ്ടൺ: ഇറാനിലെ ആറ് പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി മണിക്കൂറുകൾ നീണ്ട വ്യോമാക്രമണം നടത്തി അമേരിക്ക. ബുഷെർ, ചബഹാർ, ജാസ്ക്, കൊണാരക്, അബു മൂസ, ബന്ദർ അബ്ബാസ് എന്നീ നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങളിലാണ് യുഎസ് ആക്രമണം അഴിച്ചുവിട്ടത്. തീരപ്രതിരോധ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ, സമുദ്ര സൈനിക ശേഷികൾ എന്നിവ കൃത്യതയാർന്ന ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് അമേരിക്കൻ സൈന്യത്തിന്റെ വിശദീകരണം.
അഞ്ച് മണിക്കൂർ നീണ്ടുനിന്ന സൈനിക ദൗത്യം ജൂലൈ 13-ന് രാത്രി 10:15-ഓടെ (ഇന്ത്യൻ സമയം ജൂലൈ 14-ന് രാവിലെ 7:45) പൂർത്തിയായതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇതിനിടെ നൈനിലെ സൈനിക താവളത്തിൽ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതോടെ ഇറാനിൽ യുഎസ് നടത്തിയ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
അതേസമയം അമേരിക്കയുടെ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. അമേരിക്ക കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതുവരെ ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ധാരണാപത്രം ഇറാൻ ഔദ്യോഗികമായി റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് അറിയിച്ചു.
നേരത്തെ, ഇറാനിലെ കപ്പൽശാല പരിപാലനകേന്ദ്രം ആക്രമണത്തിൽ യുഎസ് സൈന്യം തകർത്തിരുന്നു. ബന്ദർ അബ്ബാസ് തുറമുഖത്തെ അന്തർവാഹിനി, കപ്പൽ പരിപാലന കേന്ദ്രത്തിന് നേരെയാണ് അമേരിക്കൻ സൈന്യം കടൽ ഡ്രോണുകൾ ഉപയോഗിച്ചത്. മൂന്ന് ‘കോർസെയർ’ ഡ്രോണുകളാണ് ഈ ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇതിനിടെ ഹോർമുസ് കടലിടുക്കിൽ മുന്നറിയിപ്പുകൾ അവഗണിച്ച രണ്ട് ഇന്ധന ടാങ്കറുകൾ ലക്ഷ്യമാക്കി ആക്രമിച്ചതായി ഐആർജിസി അറിയിച്ചു. നാവിഗേഷൻ സംവിധാനങ്ങൾ ഓഫ് ചെയ്ത് മൈനുകൾ സ്ഥാപിച്ച മേഖലയിലൂടെ കടന്നുപോകാൻ ശ്രമിച്ചതിനാലാണ് കപ്പലുകൾക്കെതിരെ നടപടി സ്വീകരിച്ചതെന്നും അവർ വ്യക്തമാക്കി. ഈ സംഭവത്തെ തുടർന്ന് യുഎഇ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. ആക്രമണത്തിൽ ഒരു ഇന്ത്യൻ കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഹോർമുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായതിനാൽ ഇവിടെ നടക്കുന്ന സംഘർഷം ആഗോള വിപണികളിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.
ഇതിനിടെ ബെഹ്റൈനിൽ എയർ റെയ്ഡ് സൈറൺ ഒന്നിലധികം തവണ മുഴങ്ങുകയും സുരക്ഷാ സേനകൾ ജാഗ്രത ശക്തമാക്കുകയും ചെയ്തു. അൽ-ജുഫൈർ സൈനിക താവളത്തെ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. യുഎസ് സേന ഉപയോഗിക്കുന്ന ആയുധ ശേഖരങ്ങൾ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കേന്ദ്രം, സൈനിക കെട്ടിടങ്ങൾ എന്നിവ ലക്ഷ്യമിട്ടതായി ഇറാന്റെ പ്രസ്താവനയിൽ പറയുന്നു. സംഭവത്തെ തുടർന്ന് മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമാണെന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം ഇറാനിയൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും അവിടെ യാത്രചെയ്യുന്ന കപ്പലുകൾക്ക് 20 ശതമാനം ട്രാൻസിറ്റ് ഫീ ഏർപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.


















































