കൊച്ചി: പെരുമ്പാവൂരിൽ വീട്ടിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. കവർച്ചാശ്രമത്തിനിടെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. തൊട്ടടുത്ത വീട്ടിൽ പോയി മടങ്ങിയെത്തിയ യുവതി സ്വന്തം വീട്ടിലേക്ക് കയറിയതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. മോഷണശ്രമത്തിനുശേഷം വീടിന് പുറത്തു ഒളിച്ചിരുന്ന പ്രതി, യുവതി അകത്ത് പ്രവേശിച്ചതോടെ പിന്നാലെ വീട്ടിലേക്ക് കയറുകയും വാതിൽ അകത്തുനിന്ന് പൂട്ടുകയും ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു.
തുടർന്ന് യുവതിയെ ലൈംഗികമായി ആക്രമിക്കുകയും ബലാത്സംഗശ്രമം നടത്തുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ തെളിവുകൾ ശേഖരിച്ച പൊലീസ് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി അറിയിച്ചു. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് വിവരങ്ങളും പരിശോധിച്ചുവരികയാണ്.


















































