ആലപ്പുഴ: അധ്യയന വർഷം ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോൾ സ്കൂൾക്കുട്ടികൾക്കിടയിൽ മുണ്ടിനീര് പടർന്ന് പിടിക്കുന്നു. തുമ്പോളി എസ്എൻവിഎൽപി സ്കൂളിലെ എട്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. കൂടുതൽ കുട്ടികളിലേക്ക് രോഗവ്യാപനമുണ്ടായാൽ 21 ദിവസം അടച്ചിടാനും നിർദേശമുണ്ട്.
സാധാരണ രണ്ടാഴ്ചയ്ക്കകം മുണ്ടിനീര് ഭേദമാകാറുണ്ടെങ്കിലും രോഗാണുവിന്റെ ഇൻകുബേഷൻ കാലയളവ് (രോഗികളുമായി സമ്പർക്കത്തിലായവർക്ക് രോഗലക്ഷണം പ്രകടമാകാനെടുക്കുന്ന സമയം) 12 മുതൽ 25 ദിവസം വരെയാണ്. അതിനാലാണ് കൂടുതൽ ദിവസം സ്കൂൾ അടച്ചിടേണ്ട സാഹചര്യമുണ്ടാകുന്നത്. അതേസമയം സമാന രീതിയിൽ കഴിഞ്ഞ വർഷം ആലപ്പുഴ ജില്ലയുടെ തെക്കൻമേഖലയിൽ മുണ്ടിനീര് പടർന്നതിനെത്തുടർന്ന് സ്കൂളുകളും അങ്കണവാടികളുമുൾപ്പെടെ 38 വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിരുന്നു.
എന്താണ് മുണ്ടിനീര്? പകരുന്നതെങ്ങനെ,
സാധാരണയായി പാരമിക്സോ വൈറസാണ് മുണ്ടിനീരുണ്ടാക്കുന്ന രോഗകാരി. ഉമിനീര്, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ എന്നിവയുടെ കണികകൾ വായുവിൽ കലർന്നാണ് മറ്റൊരാളിലേക്കു പടരുന്നത്. രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയും ഇവ പകരും. കുട്ടികളിലാണ് രോഗം കൂടുതൽ കണ്ടുവരുന്നത്. മുതിർന്നവരെയും ബാധിക്കാം. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം. വേദന എന്നിവയാണ് ലക്ഷണങ്ങൾ.
ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണം. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടും. കൂടാതെ വിശപ്പില്ലായ്മ, ക്ഷീണം, വേദന, പേശിവേദന എന്നിവയാണ് മറ്റുലക്ഷണങ്ങൾ.
അതേസമയം പ്രത്യേക ശ്രദ്ധ പുലർത്തിയില്ലെങ്കിൽ തലച്ചോറ്, വൃഷണം, അണ്ഡാശയം, ആഗ്നേയഗ്രന്ഥി ഇവയ്ക്ക് ഇവയുടെ അണുബാധയുണ്ടാകും. കേൾവി തകരാറിനും ഭാവിയിൽ പ്രത്യുത്പാദന തകരാറുകൾക്കും സാധ്യത. തലച്ചോറിനെ ബാധിച്ചാൽ ഗുരുതരമായ എൻസഫലൈറ്റിസ് എന്ന അവസ്ഥയുണ്ടാകും. രോഗം ഭേദമാകുന്നതുവരെ വീട്ടിൽ വിശ്രമിക്കുക, മറ്റുള്ളവരുമായുള്ള സമ്പർക്കമൊഴിവാക്കുക, രോഗികളായ കുട്ടികളെ സ്കൂളിൽ വിടരുത്, രോഗിയുപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കുക.
രോഗികൾ ധാരാളം വെള്ളംകുടിക്കാൻ ശ്രദ്ധിക്കണം. പുളിപ്പുള്ള പഴച്ചാറുകൾപോലെയുള്ള പാനീയങ്ങൾ കുടിക്കരുത്. ചവയ്ക്കാൻ ബുദ്ധിമുട്ടില്ലാത്ത നേർത്ത ഭക്ഷണങ്ങൾ കഴിക്കുക. നീരിന്റെയും വേദനയുടെയും പ്രയാസം കുറയ്ക്കുന്നതിനായി ഇളംചൂടുള്ള ഉപ്പുവെള്ളം കവിളിൽ കൊള്ളുക. ഐസ് വെക്കുന്നതും ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണിയുപയോഗിച്ച് ചൂടുവെക്കുന്നതും നീരിനും വേദനയ്ക്കും ആശ്വാസം നൽകും.
















































