തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിയിലെ സമ്മാനത്തുകയിൽ വമ്പൻ വർധന പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ചുണ്ടൻ വള്ളം വിഭാഗത്തിലെ ജേതാക്കൾക്കുള്ള ഒന്നാം സമ്മാനം നിലവിലെ അഞ്ച് ലക്ഷം രൂപയിൽ നിന്ന് 25 ലക്ഷം രൂപയായി ഉയർത്തി. രണ്ടാം സമ്മാനം 20 ലക്ഷം രൂപയും, മൂന്നാം സമ്മാനം 15 ലക്ഷം രൂപയുമായി വർധിപ്പിച്ചു.
വള്ളംകളിയുടെ സംഘാടനത്തിനുള്ള സർക്കാർ ഗ്രാന്റും വർധിപ്പിച്ചിട്ടുണ്ട്. നിലവിലെ തുകയേക്കാൾ ഉയർത്തി രണ്ട് കോടി രൂപ സർക്കാർ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. നെഹ്റു ട്രോഫിയുടെ ചരിത്രത്തിൽ സമ്മാനത്തുകയിൽ വരുത്തുന്ന ഏറ്റവും വലിയ വർധനയാണിത്.
1952-ൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആലപ്പുഴ സന്ദർശിച്ചതോടെയാണ് നെഹ്റു ട്രോഫി വള്ളംകളിയുടെ ചരിത്രത്തിന് തുടക്കമായത്. അദ്ദേഹത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് പുന്നമടക്കായലിൽ സംഘടിപ്പിച്ച വള്ളംകളി മത്സരത്തിലെ തുഴച്ചിൽ വീര്യവും ആവേശവും നെഹ്റുവിനെ ആകർഷിച്ചു. തുടർന്ന് ദില്ലിയിലെത്തിയ അദ്ദേഹം വെള്ളിയിൽ നിർമ്മിച്ച ഒരു ട്രോഫി സമ്മാനമായി അയച്ചുനൽകി. പിന്നീട് ആ ട്രോഫിയാണ് ‘നെഹ്റു ട്രോഫി’ എന്ന പേരിൽ പ്രശസ്തമായത്.
സമ്മാനത്തുകയിൽ വരുത്തിയ വൻ വർധന വള്ളംകളി ക്ലബുകൾക്കും തുഴച്ചിൽ സംഘങ്ങൾക്കും വലിയ പ്രോത്സാഹനമാകുമെന്നാണ് വിലയിരുത്തൽ.

















































