വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും അവിടെയുള്ള കപ്പൽഗതാഗതത്തിന് സുരക്ഷയൊരുക്കുന്നതിന് പകരമായി ചരക്കുകളുടെ മൂല്യത്തിന്റെ 20 ശതമാനം ഈടാക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ, ഹോർമുസിൽ അമേരിക്കയുടെ യാതൊരു ഇടപെടലും അനുവദിക്കില്ലെന്ന് ഇറാൻ ശക്തമായി തിരിച്ചടിച്ചു.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് ഹോർമുസിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ് ആദ്യം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. അഭിമുഖം പുറത്തുവന്ന് മണിക്കൂറുകൾക്കകം ട്രൂത്ത് സോഷ്യലിലൂടെ ഔദ്യോഗിക പ്രഖ്യാപനവും നടത്തി.
“ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കും, അത് ഇനിയും തുറന്നുതന്നെയിരിക്കും. ഇറാനെതിരായ നാവിക ഉപരോധം പുനഃസ്ഥാപിക്കുന്നു. ഇത് ഇറാനിയൻ കപ്പലുകൾക്കും ഇറാനിലേക്ക് പോകുകയോ അവിടെനിന്ന് വരികയോ ചെയ്യുന്ന കപ്പലുകൾക്കും ബാധകമായിരിക്കും. മറ്റ് രാജ്യങ്ങൾക്ക് ഹോർമുസ് ഉപയോഗിക്കുന്നതിന് തടസ്സമുണ്ടാകില്ല. ഇനിമുതൽ അമേരിക്ക ഹോർമുസിന്റെ സംരക്ഷകനായിരിക്കും. ഈ സുരക്ഷാ സംവിധാനത്തിനുള്ള ചെലവ് വഹിക്കുന്നതിനായി കടന്നുപോകുന്ന ചരക്കുകളുടെ മൂല്യത്തിന്റെ 20 ശതമാനം അമേരിക്ക ഈടാക്കും,” ട്രംപ് കുറിച്ചു.
ട്രംപിന്റെ പ്രഖ്യാപനം ഇറാൻ ഉടൻതന്നെ തള്ളിക്കളഞ്ഞു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ അമേരിക്കയ്ക്ക് യാതൊരു പങ്കുമില്ലെന്നും അത്തരം ഇടപെടലുകൾ അംഗീകരിക്കില്ലെന്നും ഇറാന്റെ ഉന്നത സൈനിക നേതൃത്വം വ്യക്തമാക്കി. തന്ത്രപ്രധാനമായ ഈ ജലപാതയിൽ അമേരിക്ക ഇടപെടാൻ ശ്രമിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.


















































