തിരുവനന്തപുരം; ഓണം പ്രമാണിച്ച് സപ്ലൈകോയ്ക്ക് സാമ്പത്തിക സഹായം അനുവദിച്ച് സർക്കാർ. വിപണി ഇടപെടലിനായി മൊത്തം 253 കോടി രൂപ അടിയന്തര ധനസഹായം അനുവദിച്ചു. അതിൽ ഓണക്കിറ്റിനായി 53 കോടി അനുവദിച്ചു. ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാർഡ്) ഓണക്കിറ്റിനായി 53 കോടിയുമാണ് അനുവദിച്ചത്.
അതേസമയം ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർത്ഥന പരിഗണിച്ച് മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലിനെ തുടർന്നാണ് ധനവകുപ്പ് നടപടിയെടുത്തത്. തുക ചെലവഴിച്ചശേഷം കൂടുതൽ തുക ആവശ്യമുണ്ടെങ്കിൽ സർക്കാരിനെ വീണ്ടും സമീപിക്കുമെന്നും മന്ത്രി അറിയിച്ചു. മുൻ സർക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിരുന്നില്ലെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. സർക്കാരിന്റെ വിപണിയിടപെടൽ കൂടുതൽ കാര്യക്ഷമമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള മാർക്കറ്റ് ഇന്റർവെൻഷൻ സ്‌കീമിൽ നിന്ന് തുക അനുവദിക്കണമെന്നും മന്ത്രി അനൂപ് ജേക്കബ് ആവശ്യപ്പെട്ടു.


















































