കണ്ണൂർ: പണം നൽകാത്തതിലുള്ള പ്രകോപനത്തെ തുടർന്ന് ലഹരിക്ക് അടിമയായ യുവാവ് സ്വന്തം വീടിന് തീയിട്ട സംഭവത്തിൽ ആയിക്കര സ്വദേശി അഭിഷേകിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം.
വീട്ടിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികൾ ഉടൻ പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരം അറിയിച്ചു. സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന തീയണച്ചെങ്കിലും കട്ടിൽ, കിടക്ക, വസ്ത്രങ്ങൾ ഉൾപ്പെടെ വീട്ടിനുള്ളിലെ നിരവധി സാധനങ്ങൾ പൂർണമായും കത്തിനശിച്ചു.
അഭിഷേക് ആവശ്യപ്പെട്ട പണം പിതാവ് നൽകാതിരുന്നതിലുള്ള പ്രകോപനമാണ് തീകൊളുത്തലിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ലഹരിക്ക് അടിമയായിരുന്ന ഇയാളുടെ നിരന്തര ഭീഷണിയെ തുടർന്ന് മാതാപിതാക്കൾ നേരത്തേ തന്നെ വീട് വിട്ട് മറ്റൊരിടത്തേക്ക് താമസം മാറിയിരുന്നതായും പൊലീസ് അറിയിച്ചു.
സംഭവത്തിൽ കേസെടുത്ത പൊലീസ് അഭിഷേകിനെ അറസ്റ്റ് ചെയ്തു.


















































