ഓടിക്കൊണ്ടിരുന്ന കാറിൽ ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിലുണ്ടായ അപകടത്തിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലപ്പുറം സ്വദേശികളായ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം
ദമ്മാം: ഖത്തറിൽ നിന്ന് റോഡ് മാർഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. സൗദി അറേബ്യയിലെ ത്വാഇഫിന് സമീപമുണ്ടായ അപകടത്തിൽ മലപ്പുറം റാങ്ങാട്ടൂർ തെക്കേ പീടിയേക്കൽ അബ്ദുല്ലത്തീഫിന്റെ (കുഞ്ഞുമോൻ) ഭാര്യയും മകളുമാണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ ത്വാഇഫിൽ നിന്നും റിയാദിലേക്കുള്ള എക്സ്പ്രസ് ഹൈവേയിൽ, ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ദലം എന്ന സ്ഥലത്തുവെച്ചായിരുന്നു അപകമുണ്ടാത്. ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
ഇവർ സഞ്ചരിച്ചിരുന്ന ലാൻഡ് ക്രൂയിസർ കാറിനു മുകളിലേക്ക് പറന്നുവന്ന ഒരു പ്ലാസ്റ്റിക് ഷീറ്റ് വീഴുകയായിരുന്നു. കാറിന്റെ മുൻവശത്തെ ഗ്ലാസ്സിൽ (വിൻഡ്ഷീൽഡ്) വന്നു പതിക്കുകയായിരുന്നുവെന്നും, ഇതോടെ കാഴ്ച മറഞ്ഞ് നിയന്ത്രണം നഷ്ടപ്പെട്ട റോഡിൽ പലതവണ മറിയുകയായിരുന്നുവെന്നും അബ്ദുല്ലത്തീഫ് വ്യക്തമാക്കി.
വാഹനത്തിലുണ്ടായിരുന്ന അബ്ദുല്ലത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെൺമക്കൾ, ഒരു പേരക്കുട്ടി എന്നിവർ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവരുടെ പരുക്കുകൾ ഗുരുതരമല്ല. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ ദലം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.















































