ടെഹ്‌റാൻ: ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, രാജ്യത്തിന്റെ അതീവ സുരക്ഷയുള്ള ഭൂഗർഭ ആണവ കേന്ദ്രങ്ങളിലൊന്നായ ‘പിക്ആക്‌സ് മൗണ്ടൻ’ (Pickaxe Mountain) വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ്. ഇറാന്റെ സഗ്രോസ് (Zagros) പർവതനിരകളിലെ കുഹെ കൊലാങ് ഗാസ് ലാ (Kuh-e Kolang Gaz La) എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ രഹസ്യ കേന്ദ്രത്തെ പരാമർശിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവനയാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
നതാൻസ് (Natanz) ആണവ കേന്ദ്രത്തിൽനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് ഈ ഭൂഗർഭ സമുച്ചയം. ഭൂമിക്കടിയിൽ അതീവ ആഴത്തിൽ നിർമിച്ചിരിക്കുന്ന ഈ കേന്ദ്രം രഹസ്യ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റോ, ഉയർന്ന അളവിൽ സമ്പുഷ്ടീകരിച്ച യുറേനിയം സൂക്ഷിക്കുന്ന സുരക്ഷിത കേന്ദ്രമോ ആകാമെന്നാണ് പാശ്ചാത്യ വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ഇക്കാര്യം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അമേരിക്കൻ മാധ്യമപ്രവർത്തകൻ ഹ്യൂഗ് ഹെവിറ്റിന് നൽകിയ അഭിമുഖത്തിൽ, “പിക്ആക്‌സ് മൗണ്ടൻ ഇല്ലാതാക്കും; ഇറാൻ തയ്യാറായിരിക്കട്ടെ” എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇതോടെ ഈ കേന്ദ്രം വീണ്ടും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധാകേന്ദ്രമായി.
കഴിഞ്ഞ വർഷം യുഎസ് ബങ്കർ-ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചിരുന്നെങ്കിലും, പിക്ആക്‌സ് മൗണ്ടൻ അതിനെ അതിജീവിച്ചതായി റിപ്പോർട്ടുകളുണ്ട്. ഭൂനിരപ്പിൽനിന്ന് ഏകദേശം 260 മുതൽ 330 അടി വരെ ആഴത്തിൽ സ്ഥിതി ചെയ്യുന്ന ഈ തുരങ്ക സമുച്ചയം നിലവിലെ ബങ്കർ-ബസ്റ്റർ ബോംബുകൾക്കും എളുപ്പത്തിൽ തകർക്കാനാകില്ലെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.
ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം ഈ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. പുതിയ തുരങ്കങ്ങൾ, സുരക്ഷാ മതിലുകളുടെ വിപുലീകരണം, തുരങ്ക കവാടങ്ങളുടെ ശക്തിപ്പെടുത്തൽ, നിർമാണ യന്ത്രങ്ങളുടെ സാന്നിധ്യം എന്നിവ സമീപകാല ചിത്രങ്ങളിൽ വ്യക്തമായതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
2020 മുതൽ ഇവിടെ വ്യാപകമായ ഖനന പ്രവർത്തനങ്ങൾ നടക്കുന്നതായും, ആദ്യം നശിപ്പിക്കപ്പെട്ട സെൻട്രിഫ്യൂജ് അസംബ്ലി കേന്ദ്രത്തിന് പകരം പുതിയ സൗകര്യം നിർമിക്കുകയാണെന്നുമാണ് ഇറാൻ വിശദീകരിച്ചിരുന്നത്. എന്നാൽ തുരങ്കങ്ങളുടെ ആഴവും ഘടനയും കണക്കിലെടുത്ത് ഇത് കൂടുതൽ നിർണായകമായ ആണവ സൗകര്യമാകാമെന്ന സംശയം പാശ്ചാത്യ രാജ്യങ്ങൾ തുടരുകയാണ്.
അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) ഇതുവരെ ഈ കേന്ദ്രം പരിശോധിച്ചിട്ടില്ല. അതിനാൽ ഇവിടെ എന്താണ് നടക്കുന്നതെന്ന് സംബന്ധിച്ച് വ്യക്തമായ സ്ഥിരീകരണമില്ല. ചില വിദഗ്ധർ ഇത് ഭാവിയിലെ വ്യോമാക്രമണങ്ങളിൽനിന്ന് ആണവ പദ്ധതികളെ സംരക്ഷിക്കാനുള്ള പ്രതിരോധ സൗകര്യമാകാമെന്നാണ് വിലയിരുത്തുന്നത്. മറ്റുചിലർ 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയം ഇത്തരം രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കാമെന്ന ആശങ്കയും പ്രകടിപ്പിക്കുന്നു.
ഇതിനിടെ, ട്രംപിന്റെ മുന്നറിയിപ്പും ഇറാനിലെ ഈ രഹസ്യ ഭൂഗർഭ കേന്ദ്രത്തെ ചുറ്റിപ്പറ്റിയുള്ള റിപ്പോർട്ടുകളും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സംഘർഷഭരിതമാക്കുമെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ശക്തമാവുകയാണ്.


















































