ബഗ്ദാദ്: അപ്രതീക്ഷിതമായി അഴിമതി വിരുദ്ധ റെയ്ഡിനിടയിൽ പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ സ്വർണത്തിൽ നിർമ്മിച്ച അടിവസ്ത്രവും. ഇറാഖിലെ ബാഗ്ദാദിൽ നടന്ന അഴിമതി വിരുദ്ധ റെയ്ഡിലാണ് പാർലമെന്റ് അംഗത്തിന്റെ വീട്ടിൽ നിന്നാണ് സ്വർണം കൊണ്ടു നിർമിച്ച ബ്രായും പാന്റീസുമടക്കം 27 കിലോ സ്വർണവും 927 കോടി രൂപയും അധികൃതർ പിടിച്ചെടുത്തത്. പാർലമെന്റ് അംഗമായ ഹിന്ദ് അൽ അബ്ബാസിയുടെ വസതിയിൽ സുരക്ഷാ സേന നടത്തിയ റെയ്ഡിലാണ് വൻതുക പിടിച്ചെടുത്തത്.
അതേസമയം രാജ്യത്തെ രാഷ്ട്രീയ ഭരണവർഗത്തിന് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ടാണ് ഈ വൻകിട അഴിമതി വിരുദ്ധ അന്വേഷണ പരിപാടികൾ പുരോഗമിക്കുന്നത്. പൊതുമുതൽ ദുരുപയോഗം ചെയ്തതായും സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായും കണ്ടെത്തിയതിനെത്തുടർന്ന് പാർലമെന്റ് അംഗങ്ങളും ഉയർന്ന ഉദ്യോഗസ്ഥരും അടക്കം ഇതുവരെ 47 ഓളം പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബഗ്ദാദ് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനകളിലാണ് ഇത്രയധികം പ്രമുഖർ വലയിലായത്. അറസ്റ്റിലായവരിൽ കുറഞ്ഞത് ഏഴ് എംപിമാരും ഉയർന്ന റാങ്കിലുള്ള സർക്കാർ ജീവനക്കാരും ഉൾപ്പെടുന്നു. ഇവരിൽ നിന്നും ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന പണവും സ്വർണ്ണവും കൂടാതെ വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. അഴിമതി അന്വേഷണത്തിന്റെ മറ്റൊരു ഭാഗമായി മുൻ ഡെപ്യൂട്ടി പെട്രോളിയം മന്ത്രിയുടെ വസതിയിൽ നിന്നും ഏകദേശം 10 മില്യൺ ഡോളർ പണവും, 3 ബില്യൺ ഇറാഖി ദിനാറും, വൻതോതിൽ സ്വർണ്ണാഭരണങ്ങളും, നിരവധി തോക്കുകളും, ഏകദേശം 40-ഓളം സ്വത്തുക്കളുടെ രേഖകളും ഇറാഖ് സുപ്രീം ജുഡീഷ്യൽ കൗൺസിൽ നേരത്തെ കണ്ടുകെട്ടിയിരുന്നു.
അതേസമയം ഹിന്ദ് അൽ അബ്ബാസി ഇപ്പോഴും ഇറാഖ് പാർലമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അംഗമായി തുടരുന്നുണ്ടെങ്കിലും, അവരുടെ വീട്ടിൽ നടന്ന റെയ്ഡിനെക്കുറിച്ചും പിടിച്ചെടുത്ത വസ്തുക്കളെക്കുറിച്ചുമുള്ള വിശദമായ ഔദ്യോഗിക സ്ഥിരീകരണം ഇറാഖ് സർക്കാർ സംവിധാനങ്ങൾ ഇനിയും പൂർണ്ണമായി പുറത്തുവിട്ടിട്ടില്ല. അഴിമതിക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖർ ഈ കേസിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നു.
















































