കൊച്ചി: മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ. ശ്രീലഖക്കെതിരേ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട കൊല്ലങ്കോട് പെൺകുട്ടിയുടെ അമ്മാവൻ. കുട്ടിയുടെ അമ്മ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും എറണാകുളത്ത് വിളിച്ചുവരുത്തിയുള്ള ചോദ്യംചെയ്യലിനിടെ വളരെ മോശമായി പെരുമാറിയെന്നും ഇതോടെ അമ്മയുടെ അവസ്ഥ മോശമാവുകയും അവർ ആത്മഹത്യ ചെയ്യുകയായിരുന്നെന്നുമാണ് ആരോപണം.
വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന് പിന്നാലെയാണ് കൊല്ലങ്കോട് പെൺകുട്ടിയുടെ മരണം സിബിഐക്ക് വിടുകയും പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തത്.
‘2010-ലാണ് സഹോദരി ഭർത്താവിന്റെ വീട്ടിൽനിന്ന് പിണങ്ങി രണ്ടു മക്കളുമായിട്ട് ഞങ്ങളുടെ വീട്ടിലേക്ക് വരുന്നത്. ഭർത്താവിന്റെ വീട്ടിൽനിന്ന് വളരെ മോശം സാഹചര്യത്തിലാണ് സഹോദരി കുട്ടികളുമായി വീട്ടിലേക്ക് വന്നത്. വരുമ്പോൾ തന്നെ സഹോദരിക്ക് പല കാര്യങ്ങളും കൃത്യമായി അറിയാത്ത തരത്തിലുള്ള മോശം മാനസികാവസ്ഥയിലായിരുന്നു.
ശാരീരികമായും ഭർത്താവിന്റെ വീട്ടിൽ നിന്നും ഏറെ മർദ്ദനം ഏറ്റുവാങ്ങിയിരുന്നു. വീട്ടിലേക്ക് തിരിച്ചെത്തി സാധാരണ നിലയിലേക്ക് എത്തുന്നതിനിടെയാണ് മകളുടെ മരണം സംഭവിച്ചത്. പിന്നീട് വീണ്ടും സഹോദരിയുടെ അവസ്ഥ മോശമായി. കൊല്ലങ്കോട് മുതൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം അതുകഴിഞ്ഞ് മലപ്പുറം ഇത്രയും സ്റ്റേഷനുകൾ വരെ വിളിച്ചു വരുത്തി ഞങ്ങളെ ചോദ്യം ചെയ്തിരുന്നു. ഇടവിട്ടുള്ള ദിവസങ്ങളിൽ ഞങ്ങളെ വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. എറണാകുളത്ത് വെച്ച് നടത്തിയ ഒരു ചോദ്യം ചെയ്യലിലാണ് പെങ്ങൾ കൂടുതൽ മാനസികമായി തകർന്നു പോയത്. അന്ന് ഐപിഎസ് ഉള്ള ഒരു മേഡമാണ് കേസ് അന്വേഷിച്ചിരുന്നത്. അവർ വളരെ മോശമായാണ് പെങ്ങളോട് പെരുമാറിയത്. മകളെ കൊലപ്പെടുത്തിയത് അവളാണെന്നും കൂട്ടു നിന്ന് എന്നെല്ലാം അവർ അവളോട് പറഞ്ഞു. അതിൽ അവൾ ആകെ തകർന്നുപോയി. അത്രക്കും മാരകമായിട്ടായിരുന്നു ചോദ്യം ചെയ്യൽ.
അവളെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുന്ന തരത്തിലാണ് പല കാര്യങ്ങളും അവളോട് ചോദിച്ചത്. അതോടെ മാനസികനില വളരെ മോശമായി. സ്വന്തം അമ്മയെ പോലും തിരിച്ചറിയാൻ കഴിയാത്ത നിലയിൽ അവളുടെ അവസ്ഥ മോശമായിരുന്നു. ഇതോടെ സഹോദരി ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത്.ഇതൊന്നും ഞങ്ങൾക്ക് ആരോടും പറയാൻ പറ്റിയില്ല, ഞങ്ങൾ മാത്രം അനുഭവിച്ച വേദനയാണ്.’ – അമ്മാവൻ പറഞ്ഞു.ഇന്നും ചുരുളഴിയാതെ നിഗൂഡമായി തുടരുകയാണ് പാലക്കാട് കൊല്ലങ്കോട്ടെ പതിനൊന്നുകാരിയുടെ മരണത്തിന് പിന്നിലെ കാരണം. ആത്മഹത്യയെന്ന് എഴുതിയ പോലീസ് റിപ്പോർട്ടിന് പിന്നാലെ വന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു.
മരിക്കുന്നതിന് മുൻപ് പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്. ജനനേന്ദ്രിയത്തിൽ മുറിവുകളും ചതവുകളുമുണ്ടായിരുന്നു. കൂടാതെ സ്വകാര്യഭാഗത്ത് ബീജത്തിന്റെ സാന്നിദ്ധ്യവും പോസ്റ്റ്‌മോർട്ടത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടും ആത്മഹത്യയെന്ന് പോലീസ് റിപ്പോർട്ടെഴുതി. 10 വർഷത്തിലേറെയായി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും ചുരുളഴിയാത്ത കേസ് ഇപ്പോൾ സിബിഐക്ക് വിട്ടിരിക്കുകയാണ് ഹൈക്കോടതി.


















































