ന്യൂഡൽഹി: അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനുടെ വിദ്യാർഥികളോട് അധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് റാമിന്റെ അഭിഭാഷകനോട് സുപ്രീം കോടതി ആരാഞ്ഞു. മുൻകൂർ ജാമ്യം തള്ളുന്നത് മറ്റ് അധ്യാപകർക്കുള്ള സന്ദേശമാണെന്നും വിദ്യാഥികളോട് മോശമായി പെരുമാറുന്ന അധ്യാപകർ കാലം മാറിയെന്ന് തിരിച്ചറിയണമെന്നും സുപ്രീം കോടതി പറഞ്ഞു
ജസ്റ്റിസ്മാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്തുളള ശാസന മാത്രമാണ് തന്റെ കക്ഷിയായ റാം നടത്തിയതെന്നായിരുന്നു സീനിയർ അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡു കോടതിയിൽ വാദിച്ചത്. എന്നാൽ സഹപാഠികൾക്കു മുന്നിൽവച്ച് ഒരു വിദ്യാർഥിയെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇതിനിടെ റാം ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ, റാം ചെയ്ത കുറ്റത്തിന്റെ വ്യാപ്തി തിരിച്ചറിയണമെന്നും അതിനാൽ മുൻകൂർ ജാമ്യം നിഷേധിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസമായി അധ്യാപകൻ ഒളിവിൽ കഴിയുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ അൽജോ കെ. ജോസഫും കോടതിയിൽ വാദിച്ചു.


















































