ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാര്യ- കാരണങ്ങൾ വിശദീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്ഥാനാർഥി നിർണയത്തിലും പാർട്ടിക്ക് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
അതുപോലെ ഇടത് സർക്കാർ എന്തിനാണ് ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ പാർട്ടി അമ്പേ പരാജയപ്പെട്ടുവെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി. നേതാക്കളുടെ പെരുമാറ്റത്തിലും ശൈലിയിലുമുണ്ടായ കടുത്ത പിഴവുകൾ അടിമുടി തിരുത്തണമെന്നും പാർട്ടി തയാറാക്കിയ രേഖ നിർദ്ദേശിക്കുന്നു. കൂടാതെ ജനങ്ങളോട് വിനയത്തോടെ സംസാരിക്കാനും അവരുടെ പ്രശ്നങ്ങൾ ക്ഷമാപൂർവം കേൾക്കാനും നേതാക്കൾക്ക് സാധിക്കാതെ വന്നത് വലിയ തിരിച്ചടിയായി. സ്വയംവിമർശനം എല്ലാവർക്കും ബാധകമാണെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.
അതേസമയം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻറെ ഭാര്യയുടെ സ്ഥാനാർത്ഥിത്വം ഉൾപ്പെടെയുള്ള വിഷയങ്ങൾ മാധ്യമങ്ങൾ അനാവശ്യമായി ചർച്ചയാക്കുകയായിരുന്നുവെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി. എൽഡിഎഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കം സംസ്ഥാന തലത്തിൽ സിപിഎം-സിപിഐ നേതാക്കൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും എംഎ ബേബി അറിയിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന് എതിരായി പരാതി ലഭിച്ചിട്ടില്ല. ജില്ലാ സെക്രട്ടറിയായി നിയമിച്ചതിന് എതിരായി ദേശീയ നേതൃത്വത്തിന് പരാതി ഒന്നും കിട്ടിയിട്ടില്ലെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.


















































