മുംബൈ: മഹാരാഷ്ട്രയിലെ വാഷിം ജില്ലയിൽ മക്കളുടെ കൺമുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തി. കാറിൽ യാത്ര ചെയ്യവേ ഭാര്യയുമായുണ്ടായ വഴക്ക് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഭാര്യയെ മൂന്ന് കുട്ടികളുടെ മുന്നിൽ കാറിനുള്ളിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തി, ശേഷം മൃതദേഹവുമായി മക്കളുമൊത്ത് നഗരത്തിൽ സഞ്ചരിച്ച ഭർത്താവ് പിന്നീട് പോലീസിൽ കീഴടങ്ങി.
പ്രതിയായ സൽമാൻ ഖാൻ ഭാര്യയുടെ വിശ്വസ്തതയെ സംശയിച്ചതാണ് ക്രൂരകൃത്യത്തിന് പിന്നിലെ പ്രധാന കാരണം എന്ന് പോലീസ് വ്യക്തമാക്കി. ഉത്തർപ്രദേശ് സ്വദേശിയായ ഇയാൾ ഭാര്യ ഹസീൻ ബാനോയും മൂന്ന് കുട്ടികളുമായി മഹാരാഷ്ട്രയിൽ താമസിച്ചുവരികയായിരുന്നു.
സംഭവദിവസം കുടുംബത്തോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് സൽമാൻ ഖാൻ പ്രകോപിതനായി കാറിലുണ്ടായിരുന്ന ഇരുമ്പ് റോഡുപയോഗിച്ച് ഭാര്യയെ ആക്രമിക്കുകയും തുടർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. മൂന്ന് കുട്ടികളുടെ സാന്നിധ്യത്തിലായിരുന്നു ക്രൂരമായ കൊലപാതകം.
കൊലയ്ക്ക് ശേഷം മൃതദേഹവുമായി നഗരത്തിൽ ചുറ്റിയ ഇയാൾ പിന്നീട് കരഞ്ജ പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തി. “സൽമാൻ എന്ന പ്രതി രാവിലെ സ്റ്റേഷനിലെത്തി ഭാര്യയെ കൊലപ്പെടുത്തിയെന്നും മൃതദേഹം കാറിലുണ്ടെന്നും അറിയിച്ചു. തുടർന്ന് പോലീസ് പരിശോധിച്ചപ്പോൾ കാറിൽ നിന്ന് മൃതദേഹം കണ്ടെത്തി,”- വാഷിം ജില്ലാ പോലീസ് സൂപ്രണ്ട് നികേഷ് ഖാത്മോലെ അറിയിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. സംഭവം നടന്നത് സമൃദ്ധി എക്സ്പ്രസ്‌വേയിലാണെന്ന് കരുതുന്നുവെങ്കിലും കൃത്യമായ സ്ഥലം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.


















































