മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മലപ്പുറത്ത് ഫുട്ബോൾ പരിശീലകൻ വീണ്ടും അറസ്റ്റിൽ. മാറഞ്ചേരി പുത്തൻപുരയിൽ നിബ്രാസ് (26) ആണ് പുതിയ പോക്‌സോ കേസിൽ അറസ്റ്റിലായത്. നേരത്തെ സമാന കേസിൽ അറസ്റ്റിലായി ജയിലിലായിരുന്ന പ്രതിക്കെതിരെയാണ് മറ്റൊരു വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പെരുമ്പടപ്പ് പൊലീസ് വീണ്ടും കേസെടുത്തത്.
ഫുട്ബോൾ പരിശീലകനെതിരെ ഒന്നിലധികം വിദ്യാർഥിനികൾ സ്കൂൾ അധികൃതരോട് ലൈംഗികാതിക്രമ പരാതി നൽകിയിരുന്നു. തുടർന്ന് രജിസ്റ്റർ ചെയ്ത ആദ്യ പോക്‌സോ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ മറ്റൊരു വിദ്യാർഥിനിയും പീഡന പരാതി നൽകിയതോടെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.
ജയിലിലായിരുന്ന പ്രതിയെ മഞ്ചേരി കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പീഡനവിവരം ആദ്യം സ്കൂൾ അധികൃതരോടാണ് വിദ്യാർഥിനി വെളിപ്പെടുത്തിയത്. തുടർന്ന് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടികൾക്ക് പരിശീലനം നൽകിയിരുന്ന ഫുട്ബോൾ അക്കാദമി നടത്തുകയായിരുന്നു നിബ്രാസ്.
ഇതിനിടെ, പരാതിയിൽ നിന്ന് വിദ്യാർഥിനിയെ പിന്തിരിപ്പിക്കാൻ പ്രതിയുടെ ബന്ധുക്കളിൽ ചിലർ ശ്രമിച്ചെന്ന പരാതിയും ഉയർന്നിട്ടുണ്ട്. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.


















































