മലപ്പുറം: വിൽപ്പനയ്ക്കായി എംഡിഎംഎ പായ്ക്ക് ചെയ്യുന്നതിനിടെ രണ്ടുപേർ പൊലീസിന്റെ പിടിയിൽ. മലപ്പുറം ചോക്കാട് പരുത്തിപ്പറ്റ സ്വദേശികളായ നീലാമ്പ്ര റിയാസ്, ഇല്ലിക്കൽ ഷിഹാദ് എന്നിവരെയാണ് 2.55 ഗ്രാം എംഡിഎംഎയുമായി വണ്ടൂർ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
ലഹരിമരുന്ന് വിതരണവും ഉപയോഗവും തടയാൻ സംസ്ഥാന പൊലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. നിലമ്പൂർ ഡിവൈഎസ്പി വി.കെ. വിശ്വംഭരൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ പരുത്തിപ്പറ്റയിലെ റിയാസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
വണ്ടൂർ ഇൻസ്‌പെക്ടർ ടി.എം. നിധീഷിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തുമ്പോൾ എംഡിഎംഎ ചെറിയ പൊതികളിലാക്കി വിൽപ്പനയ്ക്ക് തയ്യാറാക്കുകയായിരുന്നു പ്രതികളെന്ന് പൊലീസ് അറിയിച്ചു. ആയിരം രൂപ വിലവരുന്ന ചെറുപൊതികളാക്കി മലയോര മേഖലയിൽ ലഹരി വിതരണം ചെയ്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
പരിശോധനയിൽ 2.55 ഗ്രാം എംഡിഎംഎ, വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 8,000 രൂപ, ലഹരിമരുന്ന് തൂക്കാൻ ഉപയോഗിച്ച ഇലക്ട്രോണിക് ത്രാസ്, മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു.
മുമ്പും എംഡിഎംഎ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള റിയാസിനെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. മലയോര മേഖലയിലെ രാസലഹരി വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായവരെന്നും ഇവർക്ക് ലഹരിമരുന്ന് എത്തിച്ച ഉറവിടം കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് അറിയിച്ചു.
എ.എസ്.ഐ. മുഹമ്മദ് അസ്ലം, സി.പി.ഒ. ഷാജിർ, ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, സാബിർ അലി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
















































