കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഹുർ ഗാന്ധിയ്ക്കും പ്രിയങ്കയ്ക്കുമെതിരെ പോസ്റ്ററുകൾ. കോഴിക്കോട് മുക്കം നോർത്ത് കാരശ്ശേരിയിലെ പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ താഴത്തെ നിലയിലുള്ള കടകളുടെ ചുവരിലും പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത പോസ്റ്ററുകളാണ് പതിപ്പിച്ചിരിക്കുന്നത്. വയനാട് എപ്പോഴും നിങ്ങൾക്കൊപ്പം നിൽക്കണമെന്നില്ല, നിങ്ങൾ വയനാടിനെ മറന്നു,കെ.സി നിങ്ങളുടെ ആളായിരിക്കും, പക്ഷേ ജനവികാരം മറക്കരുത്; അത് മറന്നാൽ വയനാട് അടുത്ത അമേഠിയാകും എന്നിങ്ങനെയുള്ള വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. വയനാട് ഡിസിസി ഓഫീസിനു സമീപത്തും സമാനരീതിയിലുള്ള പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു.
മുഖ്യമന്ത്രി നിർണ്ണയ വിഷയത്തിൽ കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നവർ ആരോപിക്കുന്നത് ഇത്തരം പോസ്റ്ററുകൾക്കു പിന്നിൽ വി.ഡി സതീശനെ അനുകൂലിക്കുന്ന, പാർട്ടിക്കാരല്ലാത്ത സംഘത്തിന്റെ പ്രവർത്തനമാണിതെന്നാണ്. അതേസമയം, വി.ഡി അനുകൂലികൾ പറയുന്നത് ഇതിനു പിന്നിൽ വി.ഡി സതീശനെ പിന്തുണയ്ക്കുന്നവർ നെഹ്റു കുടുംബത്തിനെതിരാണെന്നു വരുത്തി തീർക്കാൻ മറ്റാരോ ചെയ്യുന്ന ആസൂത്രിത നീക്കമാണെന്നാണ്. എന്തായാലും, രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും അധിക്ഷേപിക്കാൻ നടത്തിയ ഈ നീക്കത്തിനെതിരെ കോൺഗ്രസ് പോലീസിൽ പരാതി നല്കിയിട്ടുണ്ട്.

















































