ആലപ്പുഴ: പാർട്ടി ബന്ധം അവസാനിപ്പിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്ന ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാൻ രംഗത്ത്. സുധാകരൻ മത്സരിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും എന്നാൽ അദ്ദേഹം മത്സരിക്കുന്നത് കൊണ്ട് ആലപ്പുഴയിലെ പാർട്ടിക്ക് “ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്നും” സജി ചെറിയാൻ പരിഹസിച്ചു.
പാർട്ടിയെ തള്ളിപ്പറയേണ്ട തരത്തിൽ ഒരു ദ്രോഹവും സിപിഎം ജി സുധാകരനോട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുധാകരനെ അനുനയിപ്പിക്കാൻ പാർട്ടി അവസാന നിമിഷം വരെ ശ്രമിച്ചിരുന്നതായി സജി ചെറിയാൻ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം പോലും പാർട്ടി നേതാക്കൾ അദ്ദേഹത്തെ നേരിട്ടുപോയി കണ്ടിരുന്നു. സുധാകരനെ ഒപ്പം നിർത്തി മുന്നോട്ട് പോകാനാണ് പാർട്ടി എപ്പോഴും ആഗ്രഹിച്ചത്.
എന്നാൽ ഇത്രയും കാലം എല്ലാ പദവികളും അംഗീകാരങ്ങളും നൽകി വളർത്തിയ പാർട്ടിയെ എന്തിനാണ് അദ്ദേഹം ഇപ്പോൾ തള്ളിപ്പറയുന്നതെന്ന് സജി ചെറിയാൻ ചോദിച്ചു. ആലപ്പുഴയിലെ പാർട്ടി സംവിധാനം ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല നിലനിൽക്കുന്നതെന്ന സൂചനയും മന്ത്രി നൽകി. സുധാകരൻ സ്വതന്ത്രനായി രംഗത്തിറങ്ങുന്നത് തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വെല്ലുവിളിയാകില്ലെന്ന ഉറച്ച നിലപാടിലാണ് നേതൃത്വം. അമ്പലപ്പുഴയിലെ വോട്ടർമാർ പാർട്ടി ചിഹ്നത്തിനും രാഷ്ട്രീയത്തിനുമാണ് വോട്ട് ചെയ്യുന്നത്, വ്യക്തികൾക്കല്ലെന്നും സജി ചെറിയാൻ ഓർമ്മിപ്പിച്ചു.
















































