കൊച്ചി: നിധിൻ രാജ് മരണത്തിൽ വിമർശനമുന്നയിച്ച് ഹൈക്കോടതി. കേസിലെ മുഖ്യ പ്രതിയായ ഡോ.റാമിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു വിമർശനം. കോടതിയുടെ വിമർശനം ഉണ്ടായതുകൊണ്ടല്ലേ കേസിലെ മുഖ്യപ്രതി ഡോ. റാമിന്റെ അറസ്റ്റ് ഇപ്പോഴെങ്കിലും ഉണ്ടായതെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം.കെ.റാം മൂന്ന് മാസം നീണ്ട ഒളിവു ജീവിതത്തിനൊടുവിൽ ഇന്ന് പിടിയിലായത് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് എ.ബദറുദീന്റെ പരാമർശം.
കൂടാതെ ഇത്തരം കേസുകളിൽ ഇരകളാക്കപ്പെടുന്നവരെ അനുഭാവപൂർവം കാണേണ്ടതുണ്ടെന്നു കോടതി പറഞ്ഞു. ഡോ. റാമിന്റെ അറസ്റ്റ് വൈകുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇന്നു രാവിലെ അധ്യാപകൻ അറസ്റ്റിലായ വിവരം പ്രോസിക്യൂഷൻ അറിയിച്ചപ്പോഴായിരുന്നു ജസ്റ്റിസ് എ.ബദറുദീന്റെ വിമർശനമെത്തിയത്.
‘കോടതി കഴിഞ്ഞ ദിവസം പറഞ്ഞതിന്റെ പേരിലല്ലേ അറസ്റ്റ് ഉണ്ടായത്? ഇത് അനുഭാവപൂർവം കാണേണ്ട കേസാണ്. നമുക്കും മക്കളുള്ളതല്ലേ. ആ മാതാപിതാക്കൾക്ക് ആകെയുള്ള മകനെയാണ് നഷ്ടമായത്’– കോടതി വാക്കാൽ പരാമർശിച്ചു. നിതിൻ രാജിന്റെ മരണത്തിനു ശേഷം ഡോ. റാം ഒളിവിൽ പോയിരുന്നു. മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും കോടതികൾ തള്ളി. തുടർന്ന് കുടകിൽ നിന്നാണ് റാം ക്രൈബ്രാഞ്ചിന്റെ പിടിയിലായത്.


















































