ന്യൂഡൽഹി: കൂടുതൽ കാലം ഈടുനിൽക്കുന്നതും കള്ളനോട്ടുകൾ തടയാൻ മികച്ച സുരക്ഷാ സംവിധാനങ്ങളുമുള്ള പുതിയ തലമുറ പോളിമർ നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). രാജ്യത്ത് ഭാവിയിൽ അവതരിപ്പിക്കാനിരിക്കുന്ന പുതിയ കറൻസി സംവിധാനത്തിന്റെ ആദ്യഘട്ടമായാണ് ഈ നീക്കം.
ആദ്യഘട്ടത്തിൽ 10 രൂപ, 20 രൂപ നോട്ടുകളാണ് പോളിമർ രൂപത്തിൽ പുറത്തിറക്കുക. പരീക്ഷണത്തിന്റെ ഫലം വിലയിരുത്തിയ ശേഷം 2027 മുതൽ പോളിമർ നോട്ടുകൾ കൂടുതൽ വ്യാപകമായി പ്രചാരത്തിലാക്കാനാണ് ആർബിഐയുടെ ലക്ഷ്യമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
എന്നാൽ, പുതിയ പോളിമർ നോട്ടുകൾ എത്തുന്നതോടെ നിലവിലെ കടലാസ് നോട്ടുകൾ അസാധുവാകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. നിലവിൽ പ്രചാരത്തിലുള്ള പേപ്പർ നോട്ടുകൾ തുടർന്നും ഉപയോഗിക്കാനാകും. പോളിമർ നോട്ടുകളും കടലാസ് നോട്ടുകളും ഒരുമിച്ച് വിനിമയത്തിലുണ്ടാകുമെന്ന് ആർബിഐ വ്യക്തമാക്കുന്നു.
പോളിമർ നോട്ടുകൾ അച്ചടിക്കാൻ ആവശ്യമായ പ്രത്യേക പോളിമർ സബ്സ്ട്രേറ്റ് ഷീറ്റുകൾ വിതരണം ചെയ്യുന്നതിനായി ആർബിഐയുടെ നോട്ട് അച്ചടി വിഭാഗം ആഗോള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഉയർന്ന സുരക്ഷാ സംവിധാനങ്ങളുള്ളതും കൂടുതൽ ഈടുനിൽക്കുന്നതുമായ ഷീറ്റുകൾ വിതരണം ചെയ്യാൻ ആഗോള കമ്പനികളെയാണ് ക്ഷണിച്ചിരിക്കുന്നത്. ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 18 ആണ്.
സാധാരണ കടലാസ് നോട്ടുകളെ അപേക്ഷിച്ച് പോളിമർ നോട്ടുകൾക്ക് നിരവധി പ്രത്യേകതകളുണ്ട്. വെള്ളവും അഴുക്കും എളുപ്പത്തിൽ ബാധിക്കില്ല. കീറിപ്പോകാനുള്ള സാധ്യത കുറവായതിനാൽ വർഷങ്ങളോളം ഉപയോഗിക്കാനും കഴിയും.
കൂടാതെ, വ്യാജനോട്ടുകൾ നിർമ്മിക്കുന്നത് ദുഷ്കരമാക്കുന്ന നൂതന സുരക്ഷാ സാങ്കേതികവിദ്യകൾ പോളിമർ നോട്ടുകളിൽ ഉൾപ്പെടുത്താൻ എളുപ്പമാണ്. അതിനാൽ കള്ളനോട്ട് നിർമാണം നിയന്ത്രിക്കുന്നതിലും ഈ പുതിയ കറൻസികൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്നാണ് വിലയിരുത്തൽ.
ലോകത്തിലെ നിരവധി രാജ്യങ്ങൾ ഇതിനകം തന്നെ പോളിമർ കറൻസിയിലേക്ക് മാറിയിട്ടുണ്ട്. ഓസ്ട്രേലിയ, കാനഡ, യുകെ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ പോളിമർ നോട്ടുകൾ വിജയകരമായി ഉപയോഗിച്ചുവരുന്നു.
ഇന്ത്യയിലും പരീക്ഷണം വിജയകരമായാൽ ഘട്ടംഘട്ടമായി കൂടുതൽ മൂല്യമുള്ള നോട്ടുകളിലേക്കും പോളിമർ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് ആർബിഐയുടെ നീക്കം. പുതിയ നോട്ടുകൾ കറൻസി രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.






