തിരുവനന്തപുരം: ടാറ്റാ ഗ്രൂപ്പിന്റെ പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കള്ളമല്ലെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ടാറ്റാ പ്രതിനിധികൾ സർക്കാരിനെ സന്ദർശിച്ചിരുന്നുവെന്നും മുൻ സർക്കാരിന്റെ കാലത്ത് ആരംഭിച്ചിരുന്ന പദ്ധതിയുടെ തുടർച്ച സംബന്ധിച്ചാണ് ചർച്ച നടന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ജൂൺ 29-നാണ് ചർച്ച നടന്നതെന്നും അതിൽ പുരോഗതിയുണ്ടായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ടാറ്റാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞത് ആകെ നിക്ഷേപ സാധ്യതയെക്കുറിച്ചാണെന്നും ടാറ്റയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് അദ്ദേഹം തെറ്റായ വിവരമൊന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ടാറ്റാ ഗ്രൂപ്പ് കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്നുണ്ടായ വിവാദത്തിനിടെയാണ് വ്യവസായ മന്ത്രിയുടെ വിശദീകരണം.
അതേസമയം, മുസ്ലിം ലീഗ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി പ്രതികരിച്ചു. നിയമന വിഷയത്തിൽ പാർട്ടിക്കുള്ളിൽ അഭിപ്രായഭിന്നതകളില്ലെന്നും, പരിമിതമായ ഒഴിവുകൾ മാത്രമുള്ളതിനാൽ എല്ലാവർക്കും അവസരം നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബോർഡ് വിഷയത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന്, വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും, പിന്നീട് ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പി.എം. ശ്രീ (PM-SHRI) പദ്ധതിയുമായി ബന്ധപ്പെട്ട കരാർ കഴിഞ്ഞ സർക്കാർ ഒരുക്കിയ “വലിയ കെണി”യാണെന്നും അദ്ദേഹം വിമർശിച്ചു. ഇതിന്റെ ഉത്തരവാദിത്തം മുൻ സർക്കാരിനാണെന്നും, പദ്ധതിയുമായി മുന്നോട്ട് പോകുന്നതിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും വ്യക്തമാക്കി. ഇതിനായി നിയോഗിച്ച ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷമേ സർക്കാർ അന്തിമ നിലപാട് സ്വീകരിക്കൂവെന്നും, പദ്ധതിയുടെ ഭാഗമായി പാഠ്യപദ്ധതിയിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ ഉണ്ടായാൽ അത് ഗൗരവത്തോടെ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

















































