ന്യൂയോർക്ക്: 120 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ അർജന്റീനയെ എതിരില്ലാതെ ഒരു ഗോളിന് തകർത്ത് സ്‌പെയിൻ ലോക ചാമ്പ്യൻമാർ. 106-ാം മിനിറ്റിൽ സബ്സിറ്റ്യൂട്ടായി ഇറങ്ങിയ ഫെറാൻ ടോറസ് നേടിയ ഗോളാണ് കലാശപ്പോരിന്റെ വിധിയെഴുതിയത്. പന്ത് പുറത്ത് പോകാതെ ഓടിപ്പിടിച്ച് നിക്കോ വില്യംസ് നൽകിയ പാസാണ് ടോറസ് വലയിലെത്തിച്ചത്. 2010-ൽ ദക്ഷിണാഫ്രിക്കയിൽ കിരീടമുയർത്തി ഒന്നരപ്പതിറ്റാണ്ടിനു ശേഷമാണ് സ്‌പെയിൻ വീണ്ടും ലോക ചാമ്പ്യൻമാരായത്.
തുടക്കം മുതൽ സ്‌പെയിൻ നിറഞ്ഞുകളിച്ചപ്പോൾ മത്സരത്തിന്റെ ഭൂരിഭാഗം സമയവും അർജന്റീന കഥയിലേ ഇല്ലാതായിപ്പോയി. 120 മിനിറ്റോളം കളിച്ചിട്ടും രണ്ടേ രണ്ട് ഷോട്ടുകൾ മാത്രമാണ് അർജന്റീനയ്ക്ക് സ്‌പെയിൻ പോസ്റ്റ് ലക്ഷ്യമാക്കി അടിക്കാനായത്. മാത്രമല്ല നിശ്ചിത സമയത്തും ഇൻജുറി ടൈമിലും ഒരു ഷോട്ടുപോലും സ്‌പെയിൻ പോസ്റ്റ് ലക്ഷ്യമാക്കി അടിക്കാൻ അർജന്റീന താരങ്ങളെ സ്പെയിൻ സമ്മതിച്ചില്ല. ഇൻജുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡും പിന്നാലെ മാർച്ചിങ് ഓർഡറും ലഭിച്ച് എൻസോ ഫെർണാണ്ടസ് പുറത്തായതോടെ അർജന്റീന 10 പേരായി ചുരുങ്ങിയാണ് ശേഷിച്ച സമയം മത്സരത്തെ നേരിട്ടത്.
സ്‌പെയിൻ തുടരെത്തുടരെ മുന്നേറ്റങ്ങൾ നടത്തിയപ്പോൾ യാതൊരു മറുപടിയുമില്ലാതെ കളിക്കുകയായിരുന്നു അർജന്റീന താരങ്ങൾ. പലസമയത്തും ലയണൽ മെസിക്ക് പന്ത് തൊടാൻ പോലും കിട്ടാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. സ്‌പെയിനിന്റെ മധ്യനിര പതിവുപോലെ മികച്ച നിലവാരം പുലർത്തിയപ്പോൾ അർജന്റീന ഫിസിക്കലായി കളിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. എങ്കിലും സ്പാനിഷ് മധ്യനിരയെ പതിവുപോലെ ഉണർന്നുകളിക്കാൻ അർജന്റീന അനുവദിച്ചില്ല. ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലുമുതിർക്കാൻ അർജന്റീനയ്ക്ക് സാധിച്ചില്ല.
കളിതുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ യമാലിന്റെ മുന്നേറ്റത്തിൽ അർജന്റീന ഞെട്ടി. താരത്തിന്റെ ഷോട്ട് പക്ഷേ ഗോളി എമിലിയാനോ മാർട്ടിനെസ് രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെയെത്തിയ സ്പാനിഷ് മുന്നേറ്റവും മാർട്ടിനെസ് തടഞ്ഞു. വലതുവിങ്ങിൽ മികച്ച മുന്നേറ്റങ്ങൾ നടത്തി യമാൽ അർജന്റീന പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. സ്‌പെയിൻ പന്ത് കൈവശം വെച്ച് കളിക്കാനാരംഭിച്ചതോടെ മത്സരം അൽപം ഫിസിക്കലായി മാറി. അതുപോലെ ആദ്യ 20 മിനിറ്റിനിടെ ലയണൽ മെസിക്ക് രണ്ടു തവണ മാത്രമാണ് പന്ത് ലഭിച്ചത്.
ഫൈനലിൽ പന്തടക്കത്തിൽ സ്‌പെയിൻ മുൻതൂക്കം നേടിയെങ്കിലും അർജന്റീനയുടെ പ്രതിരോധനിര ഉറച്ചുനിന്നു. അതിവേഗ കൗണ്ടർ അറ്റാക്കുകളിലൂടെ അർജന്റീനയും ഏതാനും മുന്നേറ്റങ്ങൾ സൃഷ്ടിച്ചതോടെ മത്സരം ആവേശകരമായി. സ്പാനിഷ് നിരയിൽ റോഡ്രിയുടെ പ്രകടനം ശ്രദ്ധേയമായി. പ്രതിരോധനിരയ്ക്കടുത്ത് വന്ന് പന്തെടുക്കുകയും മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്ത റോഡ്രി, അർജന്റീനയുടെ ആക്രമണങ്ങളുടെ മുന മിഡ്ഫീൽഡിൽ വെച്ചു തന്നെ ഒടിച്ചുകളയുന്നതിലും മുന്നിട്ടുനിന്നു. അർജന്റീന താരങ്ങളുടെ കടുത്ത മാർക്കിങ് കാരണം ആദ്യ പകുതിയിൽ ഡാനി ഓൽമോയ്ക്ക് സ്വതന്ത്രമായി കളിക്കാൻ സാധിച്ചില്ല.
ഇതിനിടെ അർജന്റീനയുടെ പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനെസിന് മഞ്ഞക്കാർഡ് ലഭിച്ചു. പിന്നാലെ പരുക്കേറ്റതിനെ തുടർന്ന് കോച്ചിന് ലിസാൻഡ്രോയെ പിൻവലിക്കേണ്ടി വന്നു. ഇതിനിടെ രണ്ടാം പകുതിയിലും എക്ട്രാ ടൈമിലും രണ്ടുതവണ കൂടി സ്പെയിൽ അർജന്റീനിയൻ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. ആദ്യ തവണ നിക്കോ വില്യംസും രണ്ടാം തവണ ഫെറാൻ ടോറസുമാണ് വല കുലുക്കിയത്. എന്നാൽ ഇത് ഓഫ് സൈഡ് ആവുകയായിരുന്നു.
അതേസമയം മൂന്ന് ഫിഫ ലോകകപ്പ് ഫൈനലുകളിൽ (2014, 2022, 2026) ആദ്യ ഇലവനിൽ സ്റ്റാർട്ട് ചെയ്യുന്ന ആദ്യ താരമെന്ന റെക്കോർഡ് ലയണൽ മെസിയും സ്വന്തമാക്കി. ഫൈനലിൽ മെസി ഗോളൊന്നും നേടാതെ വന്നതോടെ ഗോൾഡൻ ബൂട്ട് ഇട്ടവണയും എംബാപ്പെയുടെ കൈകളിൽ ഭദ്രമായി.

















































