ന്യൂയോർക്ക്: ലോകകപ്പ് ഫുട്‌ബോൾ ഫൈനലിലെ തോൽവി അംഗീകരിക്കാനകാതെ അർജന്റീന ടീമിൽനിന്നുണ്ടായത് മോശം പെരുമാറ്റമാണെന്ന് പരക്കെ വിമർശനം. സ്‌പെയിൻ ടീം ട്രോഫി വാങ്ങാൻ പോഡിയത്തിൽ കയറിയപ്പോഴും അതിനുശേഷം ആഘോഷിച്ചപ്പോഴും അർജന്റീന ടീം ബാക്ക് തിരിഞ്ഞു നിന്നതും സ്പാനിഷ് ക്യാപ്റ്റൻ റോഡ്രി ഗോൾഡൻ ബോൾ പുരസ്‌കാരം സ്വീകരിക്കുമ്പോൾ ആരാധകർ മെസിയെന്നു അലറിവിളിച്ചതും ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഒരു തോൽവിയോടെ കളിക്കളത്തിലെ മാന്യത അർജന്റീന ടീം കൈവിട്ടെന്നും ഒട്ടും സ്‌പോർട്‌സ്മാൻ സ്പിരിറ്റ് കാണിച്ചില്ലെന്നും ഗോൾ ഡോട്ട് കോമിന്റെ റിപ്പോർട്ടിൽ പറയുന്നു.
അതുപോലെ വെള്ളി മെഡലുകൾ സ്വീകരിച്ച ശേഷം, അർജന്റീന താരങ്ങൾ കിരീടം ചൂടിയ സ്‌പെയിനിനെ കയ്യടിച്ച് അഭിനന്ദിക്കാൻ പോലും ശ്രമിച്ചില്ല. പകരം, സ്‌പെയിൻ ലോകകപ്പ് ട്രോഫി ഉയർത്താൻ തയ്യാറെടുക്കുമ്പോൾ ലയണൽ മെസ്സിയും സഹതാരങ്ങളും മൈതാനത്തിന്റെ മറുവശത്തേക്ക് നടന്നുനീങ്ങി. ഗാലറിക്ക് അഭിമുഖമായാണ് അവർ നിന്നത്. പിന്നിൽ സ്‌പെയിന്റെ ആഘോഷങ്ങളും നടന്നു. അതേസമയം അർജന്റീന ടീം മെഡലുകൾ സ്വീകരിക്കുമ്പോൾ സ്‌പെയിൻ കയ്യടിച്ച് അഭിനന്ദിക്കുകയും ചെയ്തു.
കൂടാതെ മത്സരത്തിന് ഫൈനൽ വിസിലൂതിയതിന് പിന്നാലെ തന്നെ ഗ്രൗണ്ടിൽ വാക്കേറ്റവും കയ്യാങ്കളിയും അരങ്ങേറിയിരുന്നു. സ്‌പെയിന്റെ എറിക് ഗാർസ്യയയേും ഗാവിയേയും മർദ്ദിച്ച അർജന്റീന താരം പരദെസിന് റഫറി ചുവപ്പ് കാർഡ് നൽകിയിരുന്നു. അർജന്റീനാ പ്രതിരോധ താരം ഒട്ടമെൻഡിയും സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയും വാഗ്വാദത്തിലേർപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമ്മാനദാന ചടങ്ങിലും അർജന്റീനയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്.


















































