കണ്ണൂർ: ചാലാട് ധർമശാസ്താ ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ. കാഞ്ഞങ്ങാട് ബേക്കൽ പള്ളിക്കരയിൽ താമസിക്കുന്ന അന്നൂർ സ്വദേശി രാധാകൃഷ്ണനെ (56) ആണ് ടൗൺ എസ്ഐ പി എം വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിലെടുത്തത്. കാസർകോട് ക്ഷേത്രത്തിൽ കവർച്ച നടത്തുന്നതിനിടെ കാസർകോട് പോലീസാണ് രാധാകൃഷ്ണനെ അറസ്റ്റ്‌ചെയ്തത്. തുടർന്ന് ചാലാട് ധർമശാസ്താ ക്ഷേത്രത്തിൽ നടത്തിയ കവർച്ചയുടെ സി.സി.ടി.വി. ദൃശ്യത്തിലുള്ള പ്രതിയുമായി സാദൃശ്യമുണ്ടായതിനെത്തുടർന്ന് ടൗൺ പോലീസ് കാസർകോട്ടെത്തി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
ശനിയാഴ്ച വൈകീട്ടോടെ ചാലാട് ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് നടത്തി. ക്ഷേത്രഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും കുത്തിത്തുറക്കാൻ ഉപയോഗിച്ച പിക്കാസ് ക്ഷേത്രത്തിന് തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽനിന്ന് കണ്ടെത്തി. പിന്നീട് പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. മേയ് 20-ന് പുലർച്ചെ രണ്ടോട് കൂടിയാണ് ചാലാട് ധർമശാസ്താ ക്ഷേത്രത്തിൽ കവർച്ച നടന്നത്. ക്ഷേത്രഭണ്ഡാരം തകർത്ത് 20,000 രൂപ മോഷണം പോയതായി കാണിച്ച് ക്ഷേത്രം മാനേജർ സി.എം. ശ്രീജിത്ത് ടൗൺ പോലീസിൽ പരാതി നൽകിയിരുന്നു. മോഷ്ടാവും സുരക്ഷാജീവനക്കാരനും തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിന് നൽകിയിരുന്നു. പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാൻ ശ്രമിച്ചുവെന്ന് സുരക്ഷാജീവനക്കാരൻ വൈഷ്ണവ് പറഞ്ഞു.
ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്താണ് മോഷ്ടാവ് ക്ഷേത്രത്തിനകത്ത് കടന്നത്. അകത്തെ മുറിയിലുണ്ടായിരുന്ന സുരക്ഷാജീവനക്കാരനെ പൂട്ടിയിട്ട ശേഷമാണ് മോഷണം നടത്തിയത്. പിക്കാസുമായി എത്തിയാണ് കവർച്ച നടത്തിയത്. ക്ഷേത്രത്തിനകത്തെ വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറി. മേശവലിപ്പ് കുത്തിത്തുറന്ന് വഴിപാടായി ലഭിച്ച പണമുൾപ്പെടെ മോഷ്ടിച്ചു. തുടർന്ന് ചുറ്റമ്പലത്തിന്റെ പുറത്തുള്ള പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തെങ്കിലും പണം എടുക്കാൻ സാധിച്ചില്ല. ഇതിനിടെ ക്ഷേത്രനടയിലെ മേശ കുത്തിത്തുറന്നു. പിന്നീട് വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരം തകർത്തും പണം കവർന്നു.

















































