തിരുവനന്തപുരം: ട്യൂഷൻ സെന്ററിലേക്ക് പോകുകയായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ 69-കാരൻ അറസ്റ്റിൽ. പാങ്ങോട് കാഞ്ചിനട സ്വദേശി അബ്ദുൾ റഷീദിനെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്. സംഭവത്തിന് രണ്ടാഴ്ചയ്ക്കുശേഷമാണ് പ്രതി പൊലീസിന്റെ പിടിയിലായത്.
വൈകിട്ട് മൂന്ന് മണിയോടെ 12 വയസുകാരനായ വിദ്യാർഥി വീട്ടിൽ നിന്ന് ട്യൂഷൻ സെന്ററിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവം. വഴിമധ്യേ ബൈക്കിലെത്തിയ അബ്ദുൾ റഷീദ് കുട്ടിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വിശ്വാസം നേടിയശേഷം വാഹനത്തിൽ കയറ്റിക്കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്.
തുടർന്ന് വിജനമായ സ്ഥലത്തെത്തിച്ച ശേഷം കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. ബലം പ്രയോഗിച്ച് അതിക്രമം തുടരുന്നതിനിടെ ഇയാളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർഥി ഭയന്നോടി വീട്ടിലെത്തി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് രക്ഷിതാക്കൾ കിളിമാനൂർ പൊലീസിൽ പരാതി നൽകി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിനിടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതാണ് കേസിൽ നിർണായകമായത്. കുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചതോടെ പ്രതിയെ തിരിച്ചറിയാൻ പൊലീസിന് സാധിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുൾ റഷീദാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്.
ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിന്നീട് പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.
















































