മൈസൂരു: ഇതിഹാസ ഗായിക എസ്. ജാനകിയുടെ നിര്യാണത്തിന് പിന്നാലെ, കൊച്ചുമകൾ അപ്സര വൈദ്യുല പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. തന്റെ ദുഃഖം കണ്ണുനീർകൊണ്ട് അളക്കരുതെന്നും, ദുഃഖം ഓരോരുത്തരും വ്യത്യസ്തമായി അനുഭവിക്കുന്ന വ്യക്തിപരമായ വികാരമാണെന്നും അപ്സര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മുത്തശ്ശിയുടെ മരണശേഷം പൊതുജനങ്ങൾക്കുമുന്നിൽ താൻ ഏറെ ദുഃഖിതയായി കാണപ്പെട്ടില്ലെന്ന വിമർശനങ്ങൾ നേരിടേണ്ടിവന്നതായി അപ്സര പറയുന്നു. എന്നാൽ മരണത്തെ ആത്മീയമായ കാഴ്ചപ്പാടിൽ കാണാൻ തന്നെ പഠിപ്പിച്ചത് മുത്തശ്ശിയാണെന്നും, ഒരു ജീവിതം അവസാനിച്ചാലും സ്നേഹം അവസാനിക്കുന്നില്ലെന്ന് എസ്. ജാനകി പഠിപ്പിച്ചിരുന്നുവെന്നും അവർ ഓർമിപ്പിച്ചു.
“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ കണ്ണുകളിൽ കണ്ണുനീർ കാണാത്തതിന്റെ പേരിൽ എന്റെ ദുഃഖത്തെ ആളുകൾ ചോദ്യം ചെയ്യുന്നത് ഞാൻ കണ്ടു. നിങ്ങൾ കാണുന്നതോ കാണാത്തതോ ആയ കണ്ണുനീർ കൊണ്ട് എന്റെ മുത്തശ്ശിയോടുള്ള സ്നേഹം അളക്കരുത്. ദുഃഖം എല്ലായ്പ്പോഴും ഉച്ചത്തിലുള്ളതല്ല. ചിലപ്പോൾ അത് നിശ്ശബ്ദവും ആഴത്തിൽ വ്യക്തിപരവുമാണ്,” അപ്സര കുറിച്ചു.
2023 ഓഗസ്റ്റിൽ മരിച്ച തന്റെ മൂത്ത സഹോദരി വർഷയെക്കുറിച്ചും അപ്സര കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. വർഷയെ മുത്തശ്ശിയുടെ “ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി” എന്നാണ് അപ്സര വിശേഷിപ്പിച്ചത്. രണ്ടുപേർക്കും അസാധാരണമായ ബന്ധമുണ്ടായിരുന്നുവെന്നും അപ്സര പറയുന്നു.
“എൻ്റെ മുത്തശ്ശിയുടെ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി എൻ്റെ മൂത്ത സഹോദരി വർഷയായിരുന്നു. വാക്കുകൾക്ക് പൂർണ്ണമായി വിശദീകരിക്കാൻ കഴിയാത്ത വിധത്തിൽ അവർ പരസ്പരം മനസ്സിലാക്കി. എല്ലാ അർത്ഥത്തിലും അവർ പരസ്പരം യോജിച്ചവരായിരുന്നു. ഇന്ന് എന്റെ സ്ഥാനത്തുനിന്ന് എല്ലാം ചെയ്യേണ്ടിയിരുന്നത് വർഷ ആയിരുന്നു എന്ന് ലോകം മറക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. 2023 ഓഗസ്റ്റിൽ അവർ വിടവാങ്ങി. ഞങ്ങളുടെ കുടുംബത്തിന് ആ നഷ്ടത്തിൽ നിന്ന് ഒരിക്കലും പൂർണ്ണമായി മുക്തരാകാൻ കഴിയില്ലഞാൻ കണ്ടെത്തുന്ന ഏക ആശ്വാസം അവർ വീണ്ടും ഒന്നിച്ചാണെന്ന് അറിയുക എന്നതാണ്. യഥാർത്ഥത്തിൽ അറിയാത്ത ഒരു കുടുംബത്തെക്കുറിച്ച് ആളുകൾ അഭിപ്രായം രൂപീകരിക്കുന്നത് കാണുന്നത് വേദനാജനകമാണ്.” അപ്സര കൂട്ടിച്ചേർത്തു.
മൈസൂരുവിലെ ബൊഗാദിയിലെ വസതിയിൽ ശനിയാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് എസ്. ജാനകിയെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ അന്തരിക്കുകയായിരുന്നു. ഏകമകൻ മുരളീകൃഷ്ണ ഈ വർഷം ജനുവരിയിൽ മരിച്ചതിനെ തുടർന്ന് കൊച്ചുമകൾ അപ്സരയുടെ കൂടെയായിരുന്നു അവർ താമസിച്ചിരുന്നത്.
ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ 17 ഇന്ത്യൻ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച എസ്. ജാനകി, മലയാളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സിനിമാസംഗീതത്തിന്റെ അനശ്വര ശബ്ദമായി മാറി. നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും വിവിധ സംസ്ഥാന സർക്കാരുകളുടെ 33 പുരസ്കാരങ്ങളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ അവർ, സിംഹള, ഇംഗ്ലീഷ്, ജർമൻ, ജാപ്പനീസ് ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
















































