കഴിഞ്ഞ കളി വരെ കളം നിറഞ്ഞു കളിച്ച ഫ്രാൻസ് സ്‌പെയിന് മുന്നിൽ കളി മറന്നു, അല്ലെങ്കിൽ സ്പെയിൻ മാർക്ക് ചെയ്തതോടെ ഫ്രാൻസ് പതറി, കൃത്യമായി പൊസിഷൻ കണ്ടെത്താനാവാതെ കളിക്കളത്തിൽ പതറിനടന്നു. ഇതോടെ ഫുട്‌ബോൾ ലോകകപ്പിൽ തുടർച്ചയായ മൂന്നാം ഫൈനൽ ലക്ഷ്യമിട്ടെത്തിയ ഫ്രാൻസിനെ കീഴടക്കി സ്‌പെയിൻ 16 വർഷങ്ങൾക്കു ശേഷം ഫൈനൽ ടിക്കറ്റെടുത്തു. ഫ്രാൻസിനെ എതിരില്ലാത്ത രണ്ടുഗോളിനാണ് സ്‌പെയിൻ തകർത്തത്. 22-ാം മിനിറ്റിൽ കിട്ടിയ ഫ്രീ കിക്കിൽ മൈകൽ ഒയർസബാലിലൂടെ ലീഡെടുത്ത സ്‌പെയിൻ 58-ാം മിനിറ്റിൽ പെഡ്രോ പോറോയിലൂടെ രണ്ടാം ഗോളും നേടി.
അതേസമയം കഴിഞ്ഞ കളിയിൽ ഫ്രാൻസിന്റെ പേരുകേട്ട ആക്രമണ നിരയെ വെറുംനോക്കുകുത്തികളാക്കിയായിരുന്നു സ്‌പെയിന്റെ മുന്നേറ്റങ്ങൾ. പലപ്പോഴും ഫ്രാൻസിന്റെ മുന്നേറ്റങ്ങളെല്ലാം സ്പാനിഷ് പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. എംബാപ്പെയും ഉസ്മാൻ ഡെംബലയും ബാർകോളയും ഒലിസയുമെല്ലാം പതറിപ്പോയ നേരമായിരുന്നു പലപ്പോഴും. എംബാപ്പെയെ ഓഫ്സൈഡിൽ കുരുക്കാനുള്ള സ്പെയിനിന്റെ തന്ത്രം കഴിഞ്ഞ കളിയിൽ വിജയിച്ചുവെന്നുതന്നെ പറയാം. അതുപോലെ പന്തടക്കത്തിലും സ്‌പെയിൻ വിജയിച്ചു. നിരന്തരം ഷോട്ടുകളുതിർത്ത് കളി വരുതിയിലാക്കാനും സ്‌പെയിനിനായി. എന്നാൽ അവസാന മിനിറ്റുകളിൽ ഫ്രാൻസ് നടത്തിയ മുന്നേറ്റങ്ങൾ കളിയുടെ ഗതി മാറ്റുമെന്ന് കരുതിയെങ്കിലും സ്‌പെയിനെ തോൽപ്പിക്കാനായില്ല.


















































