മലയാളി പ്രേക്ഷകരെ തന്റെ നർമ്മംകൊണ്ട് എന്നും ചിരിപ്പിക്കുന്ന നടനാണ് ധ്യാൻ ശ്രീനിവാസൻ. അഭിമുഖങ്ങളിലായാലും പൊതുവേദികളിലായാലും ധ്യാനിന്റെ തമാശകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ നടി നവ്യ നായരെക്കുറിച്ച് പറഞ്ഞ പുതിയ പരാമർശമാണ് വീണ്ടും ശ്രദ്ധ നേടുന്നത്.
ധ്യാനും നവ്യ നായരും ഒന്നിക്കുന്ന ‘വിസിറ്റർ’ എന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ ചടങ്ങിലായിരുന്നു രസകരമായ പ്രതികരണം. കുട്ടിക്കാലത്ത് കൈരളി ടിവിയിലെ അഭിമുഖത്തിൽ നവ്യ നായരോട് തനിക്ക് ഇഷ്ടമുണ്ടായിരുന്നുവെന്നും വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും തുറന്നു പറഞ്ഞത് വലിയ ചർച്ചയായിരുന്നു. അതേ ഓർമകൾ പങ്കുവെച്ചാണ് ധ്യാൻ വീണ്ടും സദസിനെ ചിരിപ്പിച്ചത്.
“എന്റെ ഇന്റർവ്യൂ ജീവിതം തുടങ്ങുന്നത് തന്നെ നവ്യയോടുള്ള ഇഷ്ടം പറഞ്ഞുകൊണ്ടാണ്. അതിന് ശേഷം നവ്യ വിവാഹം കഴിച്ചു. ഇപ്പോൾ നവ്യയ്ക്ക് വിവാഹം കഴിക്കാനുള്ള പ്രായമുള്ള മകനുമായി. എന്നിട്ടാണ് ഞങ്ങൾ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. എങ്കിലും ഞാൻ ഒരു കാര്യം പറയാം… ഞാൻ മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് നവ്യ അവിടെ വരണം,തൃഷയെപ്പോലെ” ധ്യാൻ പറഞ്ഞതോടെ വേദി പൊട്ടിച്ചിരിയിൽ മുങ്ങി. ധ്യാനിന്റെ വാക്കുകൾ കേട്ട് ചിരിക്കുന്ന നവ്യയെയും വീഡിയോയിൽ കാണാം.
തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ പരാമർശിച്ചും ധ്യാൻ തമാശ തുടർന്നു. “വിജയ് മുഖ്യമന്ത്രി ആയതിന് ശേഷം ഞാനും അടുത്ത 15 വർഷം അതിനുവേണ്ടി ശ്രമിക്കുമെന്ന് സുഹൃത്ത് അജു വർഗീസിനോട് പറഞ്ഞിട്ടുണ്ട്,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അമ്മ സംഘടനയുടെ നേതൃത്വത്തിലേക്ക് തന്നെ കൊണ്ടുവരണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും അതിൽ താൽപര്യമില്ലെന്നും ധ്യാൻ വ്യക്തമാക്കി.
രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമായ ‘വിസിറ്റർ’-ൽ ധ്യാനും നവ്യയും ഉർവശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി. വാര്യർ, കെ.പി.എ.സി. ലീല, കലാരഞ്ജിനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.






