തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമാണ മേഖലയിൽ 10,000 കോടി രൂപയുടെ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകൾ. പദ്ധതിയുടെ വിശദമായ നിർദേശം സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും രൂപരേഖ പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ടാറ്റയുമായുള്ള ചർച്ചകൾ ഒരു മാസത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. പദ്ധതിക്കായി ആവശ്യമായ ഭൂമി സർക്കാർ ലഭ്യമാക്കുമെന്നും, കപ്പൽ നിർമാണ രംഗത്തെ ടാറ്റ ഗ്രൂപ്പിന്റെ ആദ്യ സംരംഭമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ‘മിഷൻ സമുദ്ര’യുടെ ഭാഗമായി തുറമുഖ വികസനം, ലോജിസ്റ്റിക്സ്, സമുദ്രാധിഷ്ഠിത വ്യവസായങ്ങൾ എന്നിവയെ ഏകോപിപ്പിച്ച് കേരളത്തെ സമുദ്ര സാമ്പത്തിക ശക്തിയായി ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി സ്വകാര്യ നിക്ഷേപങ്ങളെ സർക്കാർ നേരത്തേ തന്നെ സ്വാഗതം ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ടാറ്റയുടെ വൻ നിക്ഷേപ താൽപര്യം ശ്രദ്ധേയമാകുന്നത്. പദ്ധതിയുടെ പ്രവർത്തനരീതി, സ്ഥലം, സമയക്രമം തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ ഔദ്യോഗിക വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ വിഴിഞ്ഞം തുറമുഖത്തെ കേന്ദ്രമാക്കി പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാർ ആലോചിക്കുന്നതെന്നാണ് വിവരം.
ചർച്ചകൾ പൂർത്തിയായ ശേഷം അന്തിമ പ്രഖ്യാപനം ഒരുമാസത്തിനു ശേഷം നടത്താനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.






