കണ്ണൂർ: കഴിഞ്ഞ ദിവസം പയ്യന്നൂരിൽ മരിച്ച ഒന്നര വയസുകാരൻറെ മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് തലച്ചോറിൽ ആവശ്യത്തിന് ഓക്സിജൻ കിട്ടാത്തതാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ചുണ്ടിലും താടിയിലുമുള്ള മുറിവുകൾ ആഴത്തിലുള്ളതല്ലെന്നും ജനറൽ അനസ്തീഷ്യ നൽകിയുള്ള ശസ്ത്രക്രിയയുടെ ആവശ്യം ഇല്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അനസ്തേഷ്യ നൽകി 10 മിനിട്ടിനകം, തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു. ഇതോടെയാണ് കുട്ടി ബോധരഹിതനായതും അഞ്ച് ദിസത്തിന് ശേഷം മരിച്ചതെന്നുമാണ് പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. അതേസമയം അനസ്തീഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. പീടിയാട്രിഷ്യൻ ഡോ. ആശ നിർമ്മൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി എന്നിരും അന്വേഷണ പരിധിയിലുണ്ട്. ഇവരുടെ ഫോൺ നിലവിൽ സ്വിച്ച് ഓഫാണ്. മൂന്ന് പേരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെൻറിനെ പോലീസ് അറിയിച്ചിട്ടുണ്ട്.
കൂടാതെ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കണ്ണൂർ ഡിഎംഒക്ക് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ ഡിവൈഎസ്പി കത്ത് നൽകിയിരുന്നു. പോലീസ് ശേഖരിച്ച ചികിത്സാ രേഖകൾ മെഡിക്കൽ ബോർഡിന് കൈമാറും. ഇവരുടെ റിപ്പോർട്ട് ലഭിച്ചശേഷമാകും പോലീസ് തുടർ നടപടികളിലേക്ക് കടക്കുക.

















































