ന്യൂഡൽഹി: ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിൽ സൈപ്രസ് പതാകയിലുള്ള ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ ഹെരംബ് കർമാർക്കർ കൊല്ലപ്പെട്ടതായി കുടുംബം സ്ഥിരീകരിച്ചു. പുനെയിൽ നിന്നുള്ള 30-കാരനായ മറൈൻ എൻജിനീയറാണ് കർമാർക്കറാണ് കൊല്ലപ്പെട്ടത്. ‘ജിഎഫ്എക്സ് ഗാലക്‌സി’ (GFX Galaxy) എന്ന വ്യാപാര കപ്പലിൽ സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തിന് തൊട്ടുമുമ്പ് കുടുംബാംഗങ്ങൾക്ക് അയച്ച സന്ദേശത്തിൽ “കപ്പൽ സുരക്ഷിതമായി ഗൾഫ് കടന്നുവെന്ന്” അറിയിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ആ സന്ദേശം തന്നെയായിരുന്നു കുടുംബവുമായുള്ള അദ്ദേഹത്തിന്റെ അവസാന ആശയവിനിമയം.
ഞായറാഴ്ച ഒമാൻ തീരത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നാലെ കപ്പലിലുള്ള ഇന്ത്യൻ നാവികർ കാണാതായതായി റിപ്പോർട്ടുകൾ വന്നിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ വിവരമനുസരിച്ച്, കപ്പലിലുണ്ടായിരുന്ന 10 ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തി. ഒരാൾ ഇപ്പോഴും കാണാതായിരിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം കർമാർക്കറിന്റെ മൃതദേഹം പൂർണമായി നാട്ടിലേക്ക് എത്തിക്കണമെന്ന് കുടുംബാംഗങ്ങൾ കേന്ദ്ര സർക്കാരിനോട് അപേക്ഷിച്ചു . “അദ്ദേഹം യുവാവാണ്. മൃതദേഹം സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നതാണ് ഞങ്ങളുടെ അഭ്യർത്ഥന,” എന്ന് ബന്ധുവായ വിവേക് ടണ്ടൻ പറഞ്ഞു.
ഇതിനിടെ, വ്യാപാര കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ഗുരുതരമായ ആശങ്കയാണെന്ന് ഇന്ത്യ ശക്തമായി അപലപിച്ചു. ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ അടുത്ത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും രക്ഷാപ്രവർത്തനങ്ങൾക്ക് ഒമാൻ അധികൃതരുമായി സഹകരിക്കുന്നതായും അറിയിച്ചു.























































