ബെയ്ജിങ്: കൊച്ചുമക്കളെ നോക്കാതെ ഡേറ്റിങിന് പോകാന്‍ ശ്രമിച്ച ഭര്‍തൃ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് യുവതി. ചൈനയിലെ ജിജാങ് പ്രവിശ്യയിലെ ജാസിങിലാണ് സംഭവം. ഷെന്‍ എന്ന വയോധികയാണ് മരുമകളുടെ ആക്രമണത്തിന് ഇരയായത്. ആക്രമണത്തില്‍ വയോധികയുടെ നാല് വാരിയെല്ലുകള്‍ ഒടിഞ്ഞു. സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്തിടെയായിരുന്നു ഷെന്നിന്റെ ഭര്‍ത്താവ് മരിച്ചത്. തുടര്‍ന്ന് ഇവര്‍ ജിജാങ്ങിലുള്ള മകളുടെ വീട്ടിലേക്ക് പോകുകയും മകള്‍ക്കൊപ്പം താമസമാക്കുകയും ചെയ്തു. ഷെന്നിന്റെ രണ്ട് ആണ്‍ മക്കള്‍ നാട്ടില്‍ തന്നെ തുടര്‍ന്നു. ഇതില്‍ ജിയോ എന്ന മകന്റെ ഭാര്യയാണ് ഷെന്നിനെ ആക്രമിച്ചത്.
സാരമായി പരിക്കേറ്റ ഷെന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഷെന്നിന്റെ ഇളയ മകനാണ് ജിയോ. ഇയാള്‍ക്ക് രണ്ട് മക്കളാണുള്ളത്. രണ്ട് നഗരങ്ങളിലായിരുന്നു ജിയോയും ഭാര്യയും ജോലി ചെയ്തിരുന്നത്. ജോലിക്ക് പോകുന്ന സമയത്ത് മക്കളെ ഇവര്‍ ഷെന്നിനെയാണ് ഏല്‍പ്പിക്കുന്നത്. അത്തരത്തില്‍ മക്കളെ ഏല്‍പ്പിച്ചപ്പോഴായിരുന്നു മര്‍ദ്ദനത്തിനിടയായ സംഭവം നടക്കുന്നത്. കുട്ടികളില്‍ ഒരാള്‍ തനിക്ക് സുഖമില്ലെന്നും മുത്തശ്ശി തന്റെ ആരോഗ്യനില പരിശോധിക്കാന്‍ തയ്യാറാകുന്നില്ലെന്നും വീട്ടിലെ സര്‍വെയിലിങ് സിസ്റ്റത്തിലൂടെ അമ്മയെ അറിയിച്ചു. ഇതോടെ യുവതി ഉടനടി ഷെന്നിന്റെ വീട്ടില്‍ എത്തി. കുട്ടി അനുസരണക്കേട് കാണിക്കുകയാണെന്നും തനിക്ക് നോക്കാന്‍ സാധിക്കില്ലെന്നും ഷെന്‍ മരുമകളോട് പറഞ്ഞു.
തനിക്ക് പല്ലുവേദനയായിരുന്നുവെന്നും ഷെന്‍ പറഞ്ഞു. ആശുപത്രിയില്‍ കൊണ്ടുപോകാം എന്ന് മരുമകള്‍ പറഞ്ഞപ്പോള്‍ തനിക്ക് ആണ്‍സുഹൃത്തിന്റെ അടുത്ത് പോകണം എന്നാണ് ഷെന്‍ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. കൊച്ചുമക്കളെ നോക്കുന്നതിനേക്കള്‍ മരിക്കുന്നതാണ് നല്ലതെന്നും വയോധിക പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഇതേ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മരുമകള്‍ ഷെന്നിനെ മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ ഷെന്നിന്റെ മുഖത്തും പരിക്കേറ്റിട്ടുണ്ട്. കുട്ടികളെ നോക്കാത്തതിന്റെ പേരില്‍ യുവതി മുന്‍പും ഷെന്നിനെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


















































