തിരുവനന്തപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കാണാൻ അനുമതി നിഷേധിച്ചു എന്ന വാർത്തകൾ വ്യാജമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അദ്ദേഹം തന്റെ പി.എയെ വിളിച്ചിരുന്നെന്നും പിന്നീട് താൻ അദ്ദേഹത്തെ തിരിച്ചുവിളിച്ച് സംസാരിക്കുകയും കാണാമെന്ന് സമ്മതിക്കുകയും ചെയ്തതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ, രണ്ട് ദിവസത്തിന് ശേഷം താൻ അനുമതി നൽകിയില്ലെന്ന തരത്തിൽ വാർത്തകൾ വരികയാണുണ്ടായതെന്നും അദ്ദേഹം നേരിട്ട് ഇത്തരമൊരു പരാതി പറഞ്ഞതായി കണ്ടിട്ടില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
നേതാക്കളെ കാണുന്നത് എപ്പോഴും പരസ്യമായിട്ടാണെന്നും അനുമതി നിഷേധിച്ചാൽ മാത്രമാണ് അത് വാർത്തയാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് ഒളിച്ചല്ലെന്നും താൻ അവരെ മുറിയിൽ ഇരുത്തിയാണ് സംസാരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
തനിക്കെതിരെ വ്യാപക പ്രചാരണം നടത്തിയവർ ഉൾപ്പെടെയുള്ളവരാണ് നിവേദനം നൽകാൻ വന്നത്. അവരെ കാണാൻ പറ്റില്ലെന്ന് പറയാൻ കഴിയില്ല. താൻ ഒരു വിഭാഗത്തിന്റെ മാത്രം പ്രതിനിധിയല്ല. അതിനാൽ കാണാൻ വരുന്നവരോട് സംസാരിക്കാതിരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


















































