ബെംഗളൂരു: ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ 24കാരൻ അറസ്റ്റിൽ. ബെംഗളൂരു കെ.എസ്. ലേഔട്ട് സ്വദേശി പ്രജ്വലാണ് അറസ്റ്റിലായത്. അമ്മയുടെ അമ്മയായ ഡി. ഗൗരമ്മയെ ആണ് കൊല്ലപ്പെട്ടത്. ബാനർഘട്ടയ്‌ക്ക് സമീപമുള്ള കെഞ്ചഗൊരവയ്യന ദൊഡ്ഡിയിലെ വീട്ടിൽ ഗൗരമ്മയും ഭർത്താവുമാണ് താമസിച്ചിരുന്നത്.
അടുത്തിടെയാണ് പ്രജ്വൽ ഇവിടെ താമസിക്കാൻ എത്തിയത്. ഗൗരമ്മയുടെ ഭർത്താവ് ദൊഡ്ഡ ദുർഗയ്യ ജോലിക്കായി കനകപുരയിലേക്ക് പോയിരുന്നതിനാൽ വീട്ടിൽ ഗൗരമ്മയും പ്രജ്വലും മാത്രമായിരുന്നു. കോളേജ് പഠനം പാതി വഴിയിൽ ഉപേക്ഷിച്ച പ്രജ്വൽ കഴിഞ്ഞ കുറേ മാസങ്ങളായി ജോലിക്ക് പോയിരുന്നില്ല. സമയം കളയാതെ ജോലി കണ്ടെത്തണമെന്നും ഉത്തരവാദിത്തത്തോടെ ജീവിക്കണമെന്നും അനാവശ്യമായി പണം ചെലവഴിക്കരുതെന്നും ഗൗരമ്മ പതിവായി കൊച്ചുമകനെ ഉപദേശിച്ചിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ പലപ്പോഴും തർക്കമുണ്ടാകാറുണ്ടായിരുന്നു.
ചൊവ്വാഴ്ച രാത്രിയും ഇതേ വിഷയം സംസാരിച്ച ശേഷം ഗൗരമ്മ ഉറങ്ങാൻ പോയി. പുലർച്ചെ രണ്ടുമണിയോടെ അടുക്കളയിൽ നിന്ന് കത്തി എടുത്ത പ്രജ്വൽ ഉറങ്ങിക്കിടന്നിരുന്ന ഗൗരമ്മയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി.



















































