ലക്നോ: ഉത്തർപ്രദേശിലെ മഥുരയിൽ സ്കൂൾ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വാഹനം മുന്നോട്ട് എടുത്തതിനെ തുടർന്ന് ചക്രങ്ങൾക്കടിയിൽപ്പെട്ട് ഏഴു വയസുകാരന് ദാരുണാന്ത്യം. അപകടത്തിൽപ്പെട്ട് രണ്ടാം ക്ലാസ് വിദ്യാർഥി നിതിൻ ആണ് മരിച്ചത്.
നിതിൻ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ ഡ്രൈവർ പെട്ടെന്നു വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. ഇതിനിടെ പിടിവിട്ട് താഴെ വീണ കുട്ടി ബസിൻറെ ചക്രങ്ങൾക്കടിയിൽപ്പെടുകയായിരുന്നു. നിതിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിന് പിന്നാലെ ഡ്രൈവർ ബസ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
അതേസമയം അപകടവിവരമറിഞ്ഞ് രോഷാകുലരായ നാട്ടുകാർ സ്കൂളിന് മുന്നിൽ തടിച്ചുകൂടി വൻ പ്രതിഷേധമുയർത്തി. സ്കൂൾ മാനേജ്മെൻറിനെതിരെ മുദ്രാവാക്യം വിളിച്ച ജനക്കൂട്ടം സ്കൂൾ കെട്ടിടം തല്ലിത്തകർത്തു. തുടർന്ന് പോലീസ് എത്തിയാണ് പ്രകോപിതരായ ജനക്കൂട്ടത്തെ ശാന്തരാക്കിയത്.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഒളിവിൽ പോയ ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.






