ബംഗളൂരു: ജയനഗറിൽ ഹോട്ടലിലെ ലിഫ്റ്റിന്റെ ഗ്രില്ലിനിടയിൽ തല കുടുങ്ങി യുവാവിനു ദാരുണാന്ത്യം. ധാർവാഡ് സ്വദേശി രാജേഷ് (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതിനാരുന്നു അപകടം. ലിഫ്റ്റ് മുകളിലേക്ക് നീങ്ങുന്നതിനിടെ കഴുത്തും തലയും കുടുങ്ങി രാജേഷിന് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇരുമ്പ് ഗ്രില്ലുകൾ ഘടിപ്പിച്ച ലിഫ്റ്റിലാണ് അപകടം സംഭവിച്ചതെന്നും ഇതിന് സുരക്ഷാ വാതിലുകൾ ഇല്ലായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പച്ചക്കറികളും മറ്റ് സാധനങ്ങളും കൊണ്ടുപോകാൻ ഹോട്ടൽ ജീവനക്കാരാണ് ഈ ലിഫ്റ്റ് ഉപയോഗിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു. രാജേഷ് ഈ ലിഫ്റ്റിൽ കയറിയതായും, ലിഫ്റ്റ് ചലിച്ചുകൊണ്ടിരിക്കുമ്പോൾ തല ഗ്രില്ലിന് പുറത്തേക്കിട്ടതായും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.
അതേസമയം ലിഫ്റ്റ് ഉയരുന്നതിനിടെ രാജേഷിൻറെ തല രണ്ട് നിലകൾക്കിടയിലുള്ള കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ച് സംഭവസ്ഥലത്തുതന്നെ മരിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.



















































