കാലങ്ങളായി നിലനിൽക്കുന്ന ചൈനയും അമേരിക്കയും തമ്മിലുള്ള സൈനിക മത്സരം കൂടുതൽ കടുപ്പത്തിലേക്ക് നീങ്ങുന്നതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൈനയിലെ ഷിൻജിയാങ് മരുഭൂമിയിലെ റുവോച്യാങ് ടെസ്റ്റ് റേഞ്ചിൽ അമേരിക്കൻ നാവികസേനയുടെ പ്രധാന യുദ്ധക്കപ്പലായ ആർലി ബർക്ക് ക്ലാസ് ഡിസ്‌ട്രോയറിന്റെ പൂർണ്ണ വലിപ്പത്തിലുള്ള വ്യാജൻ നിർമ്മിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്.
ഈ ഉപഗ്രഹ ചിത്രങ്ങളിൽ 6 മീറ്റർ വീതിയുള്ള ഒരു റെയിൽ സിസ്റ്റത്തിൽ കപ്പൽ ആകൃതിയിലുള്ള വസ്തു സ്ഥാപിച്ചിരിക്കുന്നതും കാണാം. വിദഗ്ധരുടെ വിലയിരുത്തലിൽ ഇത് ചലിക്കുന്ന സമുദ്ര കപ്പലിനെ അനുകരിക്കുന്ന രീതിയിൽ ഉപയോഗിക്കാനാവുന്ന സംവിധാനം ആയിരിക്കാമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതുപോലെ യുഎസ് നേവൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഭിപ്രായത്തിൽ, ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിനായി ഈ സമുച്ചയം ഉപയോഗിച്ചിട്ടുണ്ട്. “നിരവധി സാധ്യതയുള്ള യുഎസ് യുദ്ധക്കപ്പലുകളുടെ മോക്കപ്പുകൾ, മറ്റ് യുദ്ധക്കപ്പലുകൾക്കൊപ്പം (റെയിലുകളിലും മൊബൈലിലും ഘടിപ്പിച്ചിരിക്കുന്നു), തിരയൽ/ലക്ഷ്യം ഏറ്റെടുക്കൽ പരിശോധനയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളെ അനുകരിക്കാൻ ഇതിനു കഴിയും. കപ്പൽ മാതൃകകളിൽ വിവിധ സെൻസറുകൾ സ്ഥാപിച്ചിരിക്കുന്നതും ഈ പരീക്ഷണ കേന്ദ്രം വിവിധ ആവശ്യങ്ങൾക്കായി ദീർഘകാല ഉപയോഗത്തിനായി രൂപകൽപ്പന ചെയ്തതാണെന്നും അവർ പറയുന്നു.
ചൈനയുടെ പുതിയ യുഎസ് മോഡൽ വ്യാജൻ പ്രധാനമായും മിസൈൽ ലക്ഷ്യ പരിശീലനത്തിനും സാങ്കേതിക വികസനത്തിനുമായി ഉപയോഗിക്കുന്നതാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഭാവിയിൽ ഉണ്ടാകാവുന്ന സൈനിക സംഘർഷങ്ങളെ മുൻനിർത്തി ചൈന തന്റെ ആന്റി-ഷിപ്പ് മിസൈൽ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത് എന്നും വിലയിരുത്തപ്പെടുന്നു.
അതേസമയം ന്യൂസ് വീക്കിന്റെ റിപ്പോർട്ട് പ്രകാരം, ആർലീ ബർക്ക്-ക്ലാസ് ഗൈഡഡ്-മിസൈൽ ഡിസ്ട്രോയർ യുഎസ് നാവികസേനയുടെ പ്രധാന ശക്തികളിൽ ഒന്നാണ്. ഇത് വിമാനവാഹിനി കപ്പലുകൾക്ക് സുരക്ഷ നൽകുകയും വ്യോമ പ്രതിരോധ പ്ലാറ്റ്ഫോമായും ദീർഘദൂര ആക്രമണങ്ങൾക്ക് ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ഇറാനുമായുള്ള സമീപകാല സംഘർഷത്തിനിടയിൽ ഉൾപ്പെടെ ദീർഘദൂര ആക്രമണങ്ങൾ നടത്തുന്നതിനും ഇത് ഉപയോഗിച്ചിട്ടുണ്ട്. ജപ്പാനിൽ ആസ്ഥാനമായുള്ള യുഎസ് ഏഴാം നാവിക സേനയുടെ ഭാഗമായ ഡിസ്‌ട്രോയർ സ്ക്വാഡ്രൺ 15-ൽ ഇത്തരം 10 യുദ്ധക്കപ്പലുകൾ ഉൾപ്പെടുന്നു. പസഫിക് മേഖലയിൽ പ്രവർത്തനത്തിനിടെ ഈ കപ്പലുകൾ പലപ്പോഴും ചൈനീസ് നാവികസേനയുമായി സമ്പർക്കത്തിൽ വരാറുണ്ട്.


















































