ആലപ്പുഴ: സിപിഎം ചാരുംമൂട് ഏരിയാ സെക്രട്ടറി ബിനുവിനെ ശുംഭനെന്ന് വിളിച്ച് നിയുക്ത എംഎൽഎ ജി സുധാകരൻ. തന്റെ അനുജൻ ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ ഇനിയും പോകുമെന്നും തന്നെ തടയുമെന്ന് ഒരു ശുംഭൻ പറഞ്ഞുവെന്നുമായിരുന്നു ജി സുധാകരൻ്റെ പ്രതികരണം. തന്നെ തടയാൻ ഇവൻ ആരാണെന്നും സുധാകരൻ ചോദിച്ചു.
ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ ജി സുധാകരൻ എത്തിയത് പ്രഹസനമാണെന്നായിരുന്നു സിപിഎം ചാരുംമൂട് ഏരിയാ സെക്രട്ടറി ബി ബിനുവിന്റെ വിമർശനം. അതുപോലെ ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ പ്രവേശിക്കാൻ ജി സുധാകരന് അവകാശമില്ലെന്നും ബി ബിനു പറഞ്ഞിരുന്നു. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ജി സുധാകരൻ ജി ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ എത്തിയത്.
അതേസമയം തനിക്ക് മന്ത്രിസ്ഥാനം ആവശ്യമില്ലെന്നും താല്പര്യമുണ്ടായിരുന്നു എന്ന വാർത്തകൾ ശരിയല്ലെന്നും ജി സുധാകരൻ വ്യക്തമാക്കി. ചില പത്രങ്ങൾ ആ നിലയിൽ വ്യാജവാർത്തകൾ കൊടുത്തുവെന്നും സുധാകരൻ കുറ്റപ്പെടുത്തി. ദേശാഭിമാനി ദിനപത്രം സിപിഐഎം അംഗങ്ങൾ പോലും വായിക്കുന്നില്ല. 5.30 ലക്ഷം CPIM അംഗങ്ങൾ ഉണ്ടെന്നും അവർ എല്ലാവരും പത്രം വാങ്ങുന്നില്ലെന്നും സുധാകരൻ പറഞ്ഞു. അതുപോലെ വീക്ഷണം പത്രം കോൺഗ്രസുകാരും വായിക്കാറില്ലെന്നും ജി സുധാകരൻ പ്രതികരിച്ചു.
മുൻപ് സിപിഐഎമ്മിനെ വിമർശിച്ച് അമ്പലപ്പുഴയിൽ മത്സരിക്കാൻ സുധാകരൻ തീരുമാനിച്ചതിന് പിന്നാലെയും ഭുവേശ്വരനുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങൾ ഉണ്ടായിരുന്നു. ഭുവനേശ്വരൻ ആക്രമിക്കപ്പെട്ട് ആശുപത്രിയിലായപ്പോഴും പിന്നീട് മരിച്ചപ്പോഴും സിപിഎമ്മിൽ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്ന് സുധാകരൻ കുറ്റപ്പെടുത്തിയിരുന്നു. കേസ് നടത്താൻ ആരും പൈസ തന്നില്ലെന്നും രക്തസാക്ഷി ഫണ്ട് പിരിച്ചില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. അന്ന് വീട്ടിലെ ആഞ്ഞിലി മരം വെട്ടിവിറ്റാണ് കേസ് നടത്തിയതെന്നും സർക്കാർ ഭരിച്ചിട്ടും കേസിൽ അപ്പീൽ പോയില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തിയിരുന്നു. ജി ഭുനേശ്വരൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട സുധാകരൻ്റെ പ്രതികരണത്തിനെതിരെ സിപിഎം നേതാക്കളും രംഗത്തെത്തിയിരുന്നു.

















































