കോഴിക്കോട്: കോഴിക്കോട് മുക്കം പുൽപ്പറമ്പിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ രണ്ടാം ക്ലാസ് വിദ്യാർഥിക്ക് ലോറിയിടിച്ച് ദാരുണാന്ത്യം. മണാശ്ശേരി ഗവൺമെന്റ് സ്കൂളിലെ വിദ്യാർഥിയായ അമൻ (7)ആണ് മരിച്ചത്.സ്കൂൾ വിട്ട് മറ്റ് കുട്ടികൾക്കൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണസംഭവമുണ്ടായത്. പുൽപ്പറമ്പ് ഭാഗത്തേക്കുള്ള യാത്രയ്ക്കിടെ ഒരു വളവിൽ എത്തിയപ്പോൾ ഓട്ടോറിക്ഷയുടെ വലതുഭാഗത്തെ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
കുട്ടി റോഡിലേക്ക് വീണ ഉടൻ തന്നെ പിന്നാലെ എത്തിയ ലോറിയുടെ പിൻചക്രം കുഞ്ഞിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. സംഭവത്തിൽ ലോറി ഡ്രൈവറെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽപ്പെട്ട ലോറിയും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിന് ഇടയായ സാഹചര്യം, ഓട്ടോറിക്ഷയുടെ സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടെ പോലീസ് അന്വേഷണം തുടരുകയാണ്.


















































