രാജ്യത്തെ വിമാനയാത്രാ രംഗത്ത് ഒരു കൈ നോക്കാനുള്ള നീക്കങ്ങളിലാണ് അദാനി ഗ്രൂപ്പ്. സ്വന്തം വിമാനക്കമ്പനി ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, ഡൽഹി, മുംബൈ വിമാനത്താവളങ്ങളുടെ നടത്തിപ്പുകാർക്ക് വിമാനക്കമ്പനികളിൽ 10 ശതമാനത്തിൽ കൂടുതൽ ഓഹരി പാടില്ലെന്ന നിലവിലെ വ്യവസ്ഥയിൽ ഇളവ് നൽകണമെന്ന് കേന്ദ്രസർക്കാരിനോട് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ രാജ്യത്തെ ആഭ്യന്തര വ്യോമയാന വിപണിയുടെ ഭൂരിഭാഗവും ഇൻഡിഗോയും എയർ ഇന്ത്യയും നിയന്ത്രിക്കുന്ന സാഹചര്യത്തിൽ, പുതിയ മത്സരത്തിന് വഴിയൊരുക്കാൻ വിമാനത്താവള നടത്തിപ്പുകാർക്കും വിമാനക്കമ്പനികൾ തുടങ്ങാൻ അനുമതി നൽകുന്നത് കേന്ദ്രം പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് അദാനിയുടെ ഈ നീക്കം ശ്രദ്ധ നേടുന്നത്.
2006-ൽ ഡൽഹി, മുംബൈ വിമാനത്താവളങ്ങൾ സ്വകാര്യവത്കരിച്ചപ്പോൾ കരാറിൽ ഉൾപ്പെടുത്തിയ ഒരു വ്യവസ്ഥ പ്രകാരം, ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പുകാർക്ക് ഏതെങ്കിലും വിമാനക്കമ്പനിയിൽ 10 ശതമാനത്തിലധികം ഓഹരി കൈവശം വയ്ക്കാൻ കഴിയില്ല. ഇതേ വ്യവസ്ഥ മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യാൻ കഴിയുമോയെന്ന കാര്യത്തിൽ വ്യോമയാന മന്ത്രാലയം സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ നിയമോപദേശം തേടിയതായാണ് റിപ്പോർട്ട്. ഇത്തരമൊരു ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ആവശ്യമായിരിക്കും.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിലെ വിമാനത്താവള മേഖലയിലെ പ്രധാന ശക്തിയായി അദാനി ഗ്രൂപ്പ് വളർന്നിട്ടുണ്ട്. നിലവിൽ എട്ട് വിമാനത്താവളങ്ങളുടെ നടത്തിപ്പ് കമ്പനിക്കാണ്. രാജ്യത്തെ ഏറ്റവും തിരക്കേറിയ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 74 ശതമാനം ഓഹരിയും അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്. ഇതിന് പുറമെ ഗ്രൗണ്ട് ഹാൻഡ്ലിംഗ്, വിമാന അറ്റകുറ്റപ്പണി, പൈലറ്റ് പരിശീലനം തുടങ്ങിയ വ്യോമയാന അനുബന്ധ മേഖലകളിലും കമ്പനി സജീവമാണ്.
ബ്രസീലിയൻ വിമാന നിർമ്മാതാക്കളായ എംബ്രായറുമായി ചേർന്ന് വിമാന നിർമ്മാണ രംഗത്തേക്കും അദാനി കടക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇന്ത്യയിലെ നിലവിലെ വിമാനക്കമ്പനികൾ എംബ്രായർ വിമാനങ്ങൾ വലിയ തോതിൽ വാങ്ങാൻ താൽപര്യം കാണിക്കാത്ത സാഹചര്യത്തിൽ, സ്വന്തം വിമാനക്കമ്പനി ആരംഭിച്ചാൽ ആ പദ്ധതിക്കും വാണിജ്യപരമായ കരുത്ത് ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ആഭ്യന്തര വിമാനയാത്രാ വിപണിയിൽ മത്സരം വർധിപ്പിക്കണമെന്ന നിലപാടാണ് കേന്ദ്ര സർക്കാരിനുമുള്ളത്. ഇൻഡിഗോയും എയർ ഇന്ത്യയും ആധിപത്യം പുലർത്തുന്ന വിപണിയിൽ സാമ്പത്തികമായി ശക്തമായ പുതിയൊരു കമ്പനി കടന്നുവരുന്നത് യാത്രക്കാർക്ക് കൂടുതൽ തിരഞ്ഞെടുപ്പും മെച്ചപ്പെട്ട സേവനവും നൽകുമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
അതേസമയം, നിർദേശത്തിനെതിരെ നിലവിലെ വിമാനക്കമ്പനികൾ ശക്തമായ എതിർപ്പ് ഉയർത്താൻ സാധ്യതയുണ്ട്. വിമാനത്താവളങ്ങൾ നിയന്ത്രിക്കുന്ന കമ്പനികൾ തന്നെ വിമാനസർവീസുകളും നടത്തുകയാണെങ്കിൽ താൽപര്യ സംഘർഷത്തിന് ഇടയാകുമെന്നാണ് അവരുടെ ആശങ്ക. പ്രത്യേകിച്ച് വിമാനങ്ങൾക്ക് ടേക്ക് ഓഫ്, ലാൻഡിംഗ് സമയങ്ങൾ അനുവദിക്കുന്ന സ്ലോട്ട് വിതരണത്തിൽ സ്വന്തം വിമാനക്കമ്പനിക്ക് മുൻഗണന ലഭിക്കുമെന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്. തിരക്കേറിയ വിമാനത്താവളങ്ങളിലെ ഇത്തരം സ്ലോട്ടുകൾ ഒരു വിമാനക്കമ്പനിയുടെ പ്രവർത്തനത്തെയും ലാഭത്തെയും നേരിട്ട് സ്വാധീനിക്കുന്ന ഘടകമായതിനാൽ, സർക്കാർ എന്ത് തീരുമാനമെടുക്കുമെന്നതാണ് ഇനി വ്യോമയാന മേഖല ഉറ്റുനോക്കുന്നത്.

















































