കൊച്ചി: മാതാപിതാക്കളുടെ ക്രെഡിറ്റ് സ്‌കോർ (സിബിൽ സ്‌കോർ) കുറവാണെന്ന കാരണത്താൽ വിദ്യാഭ്യാസ വായ്പ നിഷേധിക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. സഹ-അപേക്ഷകരായ മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശമാണെന്ന കാരണത്താൽ ബാങ്കുകൾ വിദ്യാഭ്യാസ വായ്പ അനുവദിക്കാതിരുന്നതിനെതിരെ വിദ്യാർഥികൾ നൽകിയ ഹർജികൾ തള്ളിയാണ് ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീം സുപ്രധാന വിധി പുറപ്പെടുവിച്ചത്.
വിദ്യാഭ്യാസ വായ്പാ അപേക്ഷകൾ പരിഗണിക്കുമ്പോൾ സഹ-വായ്പക്കാരന്റെ ക്രെഡിറ്റ് റിപ്പോർട്ടും സിബിൽ സ്‌കോറും പരിശോധിക്കാൻ ബാങ്കുകൾക്ക് നിയമപരമായ തടസ്സമില്ലെന്ന് കോടതി നിരീക്ഷിച്ചു. 2005-ലെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്ടിന്റെ ലക്ഷ്യവും ബാങ്കിങ് മേഖലയിലെ സാമ്പത്തിക അച്ചടക്കവും കണക്കിലെടുത്താൽ ഇത്തരമൊരു പരിശോധന സ്വാഭാവികമാണെന്നും കോടതി വ്യക്തമാക്കി.
വിദ്യാഭ്യാസ വായ്പ ലഭിക്കാത്തത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന ഹർജിക്കാരുടെ വാദവും കോടതി തള്ളി. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ.) തയ്യാറാക്കിയ മാതൃകാ വിദ്യാഭ്യാസ വായ്പാ പദ്ധതിയിലെയും റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങളിലെയും വ്യവസ്ഥകൾ പാലിച്ചായിരിക്കണം ബാങ്കുകൾ വായ്പ അനുവദിക്കേണ്ടതെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിന്റെ സി.ജി.എഫ്.എസ്.ഇ.എൽ. (Credit Guarantee Fund Scheme for Education Loans) പദ്ധതി വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് നൽകുന്നില്ലെന്നും വായ്പ തിരിച്ചടവ് മുടങ്ങിയാൽ ബാങ്കുകൾക്ക് ഗാരന്റി നൽകുക മാത്രമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, മാതാപിതാക്കളുടെ സിബിൽ സ്‌കോർ കുറവാണെങ്കിൽ പകരം മികച്ച ക്രെഡിറ്റ് ചരിത്രമുള്ള മറ്റൊരാളെ സഹ-അപേക്ഷകനായി ഉൾപ്പെടുത്തി വീണ്ടും അപേക്ഷ സമർപ്പിച്ചാൽ അത് പരിഗണിക്കാൻ ബാങ്കുകൾ തയ്യാറാകണമെന്നും കോടതി നിർദേശിച്ചു.
സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതിനും കിട്ടാക്കടം കുറയ്ക്കുന്നതിനും വായ്പാ അപേക്ഷകരുടെ ക്രെഡിറ്റ് ചരിത്രം പരിശോധിക്കുന്നത് അനിവാര്യമാണെന്ന ബാങ്കുകളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.


















































