ചണ്ഡീഗഢ്: ഹിമാചൽ പ്രദേശിലെ ലാഹൗൾ- സ്പിതി ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ കുള്ളുവിൽ നിന്ന് പാങ്ങി വാലിയിലേക്കു യാത്ര ചെയ്തിരുന്ന ടാക്‌സി മണ്ണിനടിയിൽപ്പെട്ട് ആറ് മാസം പ്രായമുള്ള ശിശുവടക്കം 13 പേർ മരിച്ചു. മരിച്ച ഡ്രൈവർ ബിർ സിംഗ് ആണെന്ന് തിരിച്ചറിഞ്ഞു. ഉദയ്പൂർ-കില്ലാർ റോഡിലൂടെ സഞ്ചരിച്ച ടാറ്റാ സുമോ കാഹു-ഡു നാളയ്ക്ക് സമീപം എത്തിയപ്പോൾ മലയുടെ ഒരു വലിയ ഭാഗം ഇടിഞ്ഞു വാഹനത്തിന്മേൽ പതിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ കനത്ത പാറവീഴ്ചയും മണ്ണിടിച്ചിലും കാരണം വാഹനമൊട്ടാകെ മണ്ണിനടിയിൽ മറഞ്ഞു. ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ഒരാൾ പിന്നീട് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചു.
മുമ്പുദിവസം ശക്തമായ മഴയും മണ്ണിടിച്ചിലും കാരണം ഉദയ്പൂർ-കില്ലാർ റോഡ് അടച്ചിടപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് യാത്രക്കാർ ടിൻഡിയിൽ രാത്രി തങ്ങേണ്ടിവന്നു. വെള്ളിയാഴ്ച റോഡ് വീണ്ടും തുറന്നതോടെ യാത്ര പുനരാരംഭിച്ചെങ്കിലും കാഹു-ഡു നാളയ്ക്ക് സമീപം എത്തിയപ്പോൾ വീണ്ടും മല ഇടിഞ്ഞുവീഴുകയായിരുന്നു. പ്രദേശത്ത് തുടർച്ചയായ മഴയാണ് മണ്ണിടിച്ചിലുകൾക്ക് കാരണമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
അപകടവിവരം ലഭിച്ചതോടെ ടിൻഡി പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം, ജില്ലാ ഭരണകൂടം എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മണ്ണിനടിയിൽപ്പെട്ട വാഹനവും യാത്രക്കാരുടെ മൃതദേഹങ്ങളും കണ്ടെത്താൻ ശ്രമം തുടരുകയാണ്. ലാഹൗൾ-സ്പിതി ജില്ലാ പോലീസ് മേധാവി ശിവാനി മെഹ്ല രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതായി അറിയിച്ചു. ഭർമൗർ എംഎൽഎ ഡോ. ജനക് രാജ് രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള മലപ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പൊതുജനങ്ങളോട് പാങ്ങി റെസിഡന്റ് കമ്മീഷണർ അമൻദീപ് സിംഗ് അഭ്യർത്ഥിച്ചു.
മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി, പിന്നാലെ ലാഹൗൾ-സ്പിതി ഡെപ്യൂട്ടി കമ്മീഷണറെ രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് മേൽനോട്ടം വഹിക്കാൻ നിർദ്ദേശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകാനും പരുക്കേറ്റവർക്കു മികച്ച ചികിത്സ ഉറപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
ഇതിനിടെ, ചമ്പ-ഭർമൗർ ദേശീയപാതയിൽ ഉണ്ടായ മണ്ണിടിച്ചിലിനിടെ എൻഎച്ച്എഐ സംഘത്തിന്റെ ത്വരിത ഇടപെടൽ ശ്രദ്ധേയമായി. ഓക്സിജൻ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരുന്ന ഏഴ് മാസം പ്രായമുള്ള ശിശു ദുർഗേത്തി പ്രദേശത്ത് റോഡ് തടസപ്പെട്ടതിനാൽ കുടുങ്ങിയപ്പോൾ, എൻഎച്ച്എഐ സംഘം കുഞ്ഞിനെ കൈയിൽ എടുത്ത് തടസപ്പെട്ട ഭാഗം കടത്തി മറുവശത്തെ വാഹനത്തിലെത്തിച്ചു.



















































