ഭോപാൽ: മകളുടെ പിറന്നാളിൽ പങ്കെടുക്കാനെന്ന വ്യാജേന സഹപ്രവർത്തകന്റെ പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് പോലീസ് കോൺസ്റ്റബിൾമാർ അറസ്റ്റിൽ. ഇരുവരും ചേർന്ന് പത്താം ക്ലാസ് വിദ്യാർഥിനിയെ തന്ത്രപരമായി വിജനമായ സ്ഥലത്തെത്തിച്ചാണ് പ്രതികൾ കുറ്റകൃത്യം ചെയ്തത്. ബുധനാഴ്ച വൈകിട്ടായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
സംഭവത്തിൽ മധ്യപ്രദേശ് സ്പെഷ്യൽ ടാസ്ക്‌ഫോഴ്സിലെ (എസ്ടിഎഫ്) ഉദ്യോഗസ്ഥനായ സന്തോഷ് സെൻ ആണ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്. ഇയാൾക്കു കാവൽനിന്ന് ഒത്താശ ചെയ്തതിന് ഗ്വാളിയറിൽനിന്നുള്ള കോൺസ്റ്റബിൾ ജിതേന്ദ്ര രജപുത് എന്നയാളെയും അറസ്റ്റ് പോലീസ് ചെയ്തിട്ടുണ്ട്. തന്റെ മകളുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എന്ന വ്യാജേനയാണു പെൺകുട്ടിയെ സന്തോഷ് സെൻ വിളിച്ചുവരുത്തുകയായിരുന്നു. പെൺകുട്ടിക്കു പരിചയമുള്ള ആളായതിനാൽ ഇതു വിശ്വസിച്ച് ഇയാൾ പറഞ്ഞ സ്ഥലത്ത് പെൺകുട്ടിയെത്തുകയായിരുന്നു.
ലാൽ പരേഡ് ഗ്രൗണ്ടിനു സമീപം എത്തിയ പെൺകുട്ടിയെ ഇവർ കാറിൽ കയറ്റി എംപി നഗറിലെ വിജനമായ പ്രദേശത്തേക്കു കൊണ്ടുപോയി. കാറിൽ ജിതേന്ദ്ര രജപുത്തും അദ്ദേഹത്തിന്റെ മൂന്ന് വയസുള്ള മകനും ഉണ്ടായിരുന്നു. സന്തോഷ് സെൻ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുന്ന സമയമത്രയും ജിതേന്ദ്ര രജപുത് മൂന്ന് വയസുള്ള മകനൊപ്പം, രണ്ടാമൻ മുറിക്കു പുറത്തു കാവൽ നിൽക്കുകയായിരുന്നു. പീഡനത്തിനുശേഷം പ്രതികൾ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വീട്ടിൽ തിരിച്ചെത്തിയ കുട്ടി മാതാപിതാക്കളോടു വിവരം പറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു.


















































