തമിഴ്താരം രവി മോഹനന് നടി റീഹാന. രവി മോഹൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതിന് സമാനമായ ദാമ്പത്യപ്രശ്നങ്ങൾ കാരണമാണ് തന്റെ സഹോദരൻ ആത്മഹത്യ ചെയ്തതെന്ന് അവർ പറഞ്ഞു. രവി മോഹന്റെ വാർത്താ സമ്മേളനം കണ്ടപ്പോൾ തന്റെ മരിച്ചുപോയ അനിയനെയാണ് ഓർമ വന്നത്.
രവി മോഹന്റെ വേദന മനസ്സിലാക്കാൻ ജനങ്ങൾ തയ്യാറാകുകയാണ് വേണ്ടതെന്നും അവർ വികാരാധീനയായി ആവശ്യപ്പെട്ടു. “രവി മോഹന്റെ ഈ വിഡിയോ കാണുമ്പോൾ എന്റെ സഹോദരനെയാണ് ഓർമ വരുന്നത്. ഇന്ന് എന്റെ അനിയൻ കൂടെയില്ല, 24ാം വയസ്സിൽ ആത്മഹത്യ ചെയ്തു. അതിനു കാരണവും ഇതു തന്നെയാണ്. ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്ക്, അവരുടേത് അറേഞ്ച്ഡ് മാരിയേജ് ആയിരുന്നു. കല്യാണത്തിന് ഒരുവർഷം താമസമുണ്ടായിരുന്നു. അതിനിടെ പെണ്ണിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ചില പ്രശ്നങ്ങൾ പറഞ്ഞിരുന്നു. അനിയന് ഇവൾ ചേരില്ലെന്ന് ഞങ്ങൾക്കെല്ലാം മനസ്സിലായി. പക്ഷേ അവർ തമ്മിലുള്ള ഇഷ്ടം തലയ്ക്കു പിടിച്ചിരുന്നു. ഇവളെ വിവാഹം ചെയ്താൽ സമാധാനമുണ്ടാകില്ലെന്നു പറഞ്ഞിട്ടും കേട്ടില്ല. വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ സമയത്താണ് ഇവൻ എന്റെ വീട്ടിൽ വരുന്നത്. എന്റെ കാലുപിടിച്ച് ഒരുപാട് കരഞ്ഞു. വീട്ടിൽ വലിയ വഴക്ക് ആണെന്നും അവൾ അവനെ അടിച്ചുവെന്നും പറഞ്ഞാണ് കരഞ്ഞത്. മൂന്നര വർഷത്തോളം അവൻ ഭാര്യയിൽ നിന്നും അകന്ന് കഴിഞ്ഞു.
എന്നാൽ കുഞ്ഞിനെ കാണാതിരിക്കാൻ കഴിയാത്തതിനാൽ ഭാര്യ വച്ച എല്ലാ നിബന്ധനകളും അംഗീകരിച്ച് വീണ്ടും ഒപ്പം ജീവിക്കാൻ തുടങ്ങി. എന്നെ വിളിക്കുകയോ കാണാൻ പോകുകയോ ചെയ്യരുതെന്നായിരുന്നു ഇവരുടെ ആവശ്യം. ഇവനറിയാതെ ഫോണിൽ റെക്കോർഡിങ് സോഫ്റ്റ്‌വെയറും ഇവർ സെറ്റ് ചെയ്തിരുന്നു. എന്നോട് സംസാരിക്കുന്നത് അറിഞ്ഞ് ഭാര്യ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കി, കുഞ്ഞിനേയും കൊണ്ട് വീട് വിട്ടുപോയി.
ആ വിഷമത്തിൽ എന്റെ സഹോദരൻ അന്ന് തന്നെ ആത്മഹത്യ ചെയ്തു. അടുക്കളയിൽ ആത്മഹത്യ ചെയ്ത കാര്യം ഞങ്ങളറിയുന്നത് ഒരു ദിവസം കഴിഞ്ഞിട്ടാണ്. സഹോദരൻ ഭാര്യയോടൊപ്പം ചേർന്ന് ജീവിക്കാൻ ശ്രമിച്ചത് കുഞ്ഞിനെ ഓർത്തിട്ടായിരുന്നു. എന്നാൽ അവസാനം അവന് ജീവൻ നഷ്ടപ്പെടുകയാണ് ഉണ്ടായത്. ഇന്ന് ആ പെൺകുട്ടി മറ്റൊരാളെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു, എനിക്ക് നഷ്ടപ്പെട്ടത് എന്റെ സഹോദരനെയാണ്.

















































