പുനലൂർ: ശക്തമായ മഴയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് പുനലൂരിൽ മതിലും സർവീസ് സ്റ്റേഷൻ കെട്ടിടവും ഇടിഞ്ഞു ലോറിക്കു മുകളിലേക്കു വീണുണ്ടായ അപകടത്തിൽ യുവാവിനു ദാരുണാന്ത്യം. ലോറിക്കുള്ളിൽ കുടുങ്ങിയ വൻമള സ്വദേശി അയ്യത്ത് പുത്തൻ വീട്ടിൽ സിജു തോമസ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കനത്ത ഇടിയും മഴയും വന്നതോടെ ലോറിക്കുള്ളിൽ കയറിയിരുന്ന സിജുവിന്റെ ഭാഗത്തേക്ക് മതിലും കെട്ടിടവും പതിക്കുകയായിരുന്നു.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ നെല്ലിപ്പള്ളി പെട്രോൾ പമ്പിന് പിൻഭാഗത്തായി പ്രവർത്തിച്ചുവന്ന സർവീസ് സ്റ്റേഷൻ കെട്ടിടവും തൊട്ടുചേർന്ന മതിലുമാണ് നിലം പൊത്തിയത്. ചൊവ്വാഴ്ച ഉച്ചമുതൽ ഈ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. അതിനെ തുടർന്നാണ് വൈകുന്നേരം അപകടമുണ്ടായത്. കൂറ്റൻ കോൺക്രീറ്റ് മതിലും സർവീസ് സ്റ്റേഷൻ കെട്ടിടവുമാണ് ഇടിഞ്ഞുവീണത്.
ലോറിയും സ്കൂൾ ബസും സ്കൂട്ടറുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉള്ളിൽ പെട്ടതായി സംശയിക്കുന്നുണ്ട്. കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര വാഹനങ്ങൾക്ക് മുകളിൽ പതിച്ച നിലയിലാണ്. കൂറ്റൻ മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെ എത്തിച്ചാണ് കോൺക്രീറ്റ് പാളികൾ നീക്കിയത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏറെ നേരത്തേ രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ച് ഷിജുവിന്റെ മൃതദേഹം പുറത്തെടുത്തത്.

















































