കൊല്ലം: ചെറായിലുണ്ടായ അപകടത്തിനു പിന്നാലെ കൊല്ലത്തും ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നു തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്ക്. എഎംഎസ് എന്ന സ്വകാര്യ ബസിലെ യാത്രക്കാരിയായ ചടയമംഗലം പോരേടം സ്വദേശിനി ദേവികയ്ക്കാണ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ രാവിലെ ചടയമംഗലം പോരേടം ചന്തമുക്കിൽവച്ചായിരുന്നു അപകടം.
ആറ്റിങ്ങൽ പുനലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ജനത ബസിന് പകരമായി രണ്ടുദിവസമായി എഎംഎസ് ബസ് ആയിരുന്നു ഈ റൂട്ടിൽ ഓടിയത്. ബസിൽ തിരക്കായതിനാൽ ഡോറിനോട് ചേർന്നു നിന്നായിരുന്നു പെൺകുട്ടി യാത്ര ചെയ്തത്. ഈ സമയം അമിത വേഗത്തിലായിരുന്നു ബസ്. പോരേടം ചന്തമുക്ക് വളവിൽ വച്ച് ഡോർ അപ്രതീക്ഷിതമായി തുറന്ന് പെൺകുട്ടി റോഡിലേക്ക് വീഴുകയായിരുന്നു.
തുടർന്ന് നാട്ടുകാർ ചേർന്നാണ് പരുക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിച്ചത്. തലയിടിച്ചു വീണ വിദ്യാർത്ഥിനിക്ക് കാര്യമായ പരുക്കുണ്ട്. തിരുവനന്തപുരം വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ദേവിക. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിടുണ്ട്. ബസിന്റെ അമിതവേഗതയും തിരക്കുമാണ് അപകടത്തിന് കാരണമെന്നാണ് വ്യക്തമാകുന്നത്.
അതേസമയം കഴിഞ്ഞദിവസമാണ് ചെറായിയിൽ സ്റ്റോപ്പ് എത്തും മുമ്പേ ഡ്രൈവർ ബസിൻറെ ഓട്ടോമാറ്റിക് ഡോർ തുറന്നതിനെ ബസിനുള്ളിൽ നിന്ന് പുറത്തേക്ക് വീണ് വിദ്യാർഥിക്കു പരുക്കുപറ്റിയത്. പറവൂർ ബോയ്സ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ചെറായി പെട്ടിക്കാട്ടിൽ സായന്ത് (12) ആണ് വീണത്. സ്റ്റോപ്പിലിറങ്ങാനായി തയാറായി നിന്ന സായന്ത് അപ്രതീക്ഷിതമായി ഡോർ തുറന്നതോടെ റോഡിലേക്ക് വീഴുകയായിരുന്നു. സംഭവത്തിനു പിന്നാലെ ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു പോലീസ്. കൂടാതെ ലൈസെൻസ് റദ്ദാക്കുകയും ചെയ്തിരുന്നു.



















































