മുംബൈ: രാജ്യത്തെ ബാങ്കിങ് സേവനങ്ങളിൽ തുടർച്ചയായ ദിവസങ്ങളിൽ ഉണ്ടാകാവുന്ന തടസ്സം ഒഴിവാക്കാൻ സെപ്റ്റംബർ 27 ഞായറാഴ്ച പൊതുമേഖലാ ബാങ്കുകളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും തുറന്ന് പ്രവർത്തിക്കും. സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി. സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയും ബാങ്ക് അവധിയായതിനാൽ പണിമുടക്ക് കൂടി വന്നാൽ തുടർച്ചയായി അഞ്ച് ദിവസം ശാഖാ സേവനങ്ങൾ തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.
സെപ്റ്റംബർ 27ന് എല്ലാ പൊതുമേഖലാ ബാങ്കുകളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും സാധാരണ പ്രവൃത്തിദിനത്തിലേതുപോലെ പ്രവർത്തിക്കണമെന്ന് ധനമന്ത്രാലയം അറിയിച്ചു. ബാങ്ക് ശാഖകൾക്ക് പുറമെ ഓഫീസുകൾ, എ.ടി.എം ബന്ധിപ്പിച്ച ശാഖകൾ, കറൻസി ചെസ്റ്റുകൾ എന്നിവയും പ്രവർത്തിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെയാണ് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്. അഞ്ച് ദിവസത്തെ ബാങ്കിങ് ആഴ്ച നടപ്പാക്കണമെന്നതാണ് യൂണിയനുകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. സർക്കാരും ബാങ്ക് മാനേജ്മെന്റുകളും പണിമുടക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിനാൽ പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് വ്യക്തമാക്കിയിട്ടുണ്ട്.
പണിമുടക്ക് ദിവസങ്ങളിൽ ശാഖകളുടെ പ്രവർത്തനം തടസ്സപ്പെടാൻ സാധ്യതയുണ്ടെങ്കിലും യു.പി.ഐ, മൊബൈൽ ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ സാധാരണ നിലയിൽ തുടരും. എ.ടി.എം സേവനങ്ങളും ലഭ്യമാകും. പണിമുടക്കിന്റെ പശ്ചാത്തലത്തിൽ എസ്.ബി.ഐ ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകൾ എ.ടി.എം. പണം പിൻവലിക്കലിനുള്ള അധിക നിരക്കുകൾ ഒഴിവാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
സെപ്റ്റംബർ 30 ബാങ്കുകളുടെ അർധവാർഷിക ക്ലോസിങ് ദിവസമായതിനാൽ പണിമുടക്ക് കൂടുതൽ പ്രാധാന്യമർഹിക്കുന്നതാണ്. അതേസമയം, സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ തുറക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് പണിമുടക്കിന് മുമ്പ് ആവശ്യമായ ശാഖാ ഇടപാടുകൾ പൂർത്തിയാക്കാൻ അവസരം ലഭിക്കും.




