മുംബൈ: നവി മുംബൈയിൽ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കാട്ടിൽ തള്ളിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഇരുവരുടേയും അറസ്റ്റോടെ 11 മാസമായി മറച്ചുവച്ച ക്രൂരമായ കൊലപാതകമാണ് പുറംലോകമറിഞ്ഞത്. ഐരോളി സ്വദേശി ബലിറാം സൂര്യനാഥ് കുശ്വാഹ (50) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ സുനിത കുശ്വാഹ (40), ഇവരുടെ കാമുകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ രാഹുൽ ദശരഥ് പ്രജാപതി (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
2025 ഓഗസ്റ്റിലാണ് കൊലപാതകം നടന്നത്. ഭാര്യയോടും രണ്ട് മക്കളോടുമൊപ്പം ഐരോളിയിലായിരുന്നു ബലിറാം താമസിച്ചിരുന്നത്. 2026 ഏപ്രിലിൽ ബലിറാമിന്റെ സഹോദരൻ സുനിതയെ കാണാനെത്തിയപ്പോഴാണ് സംശയം തോന്നിയത്. ബലിറാമിന്റെ കാണാതാകലിനെക്കുറിച്ച് സുനിത നൽകിയ മറുപടികളിലെ വൈരുദ്ധ്യമാണ് സഹോദരനിൽ സംശയമുണ്ടാക്കിയത്. ഇതോടെ കൊല്ലപ്പെട്ട ബലിറാമിന്റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് 11 മാസങ്ങൾക്ക് ശേഷം ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവരുന്നത്.
പോലീസിന്റെ വിവരമനുസരിച്ച്, 2025 ഓഗസ്റ്റ് 9-നായിരുന്നു കൊലപാതകം നടന്നത്. സുനിതയും രാഹുലും തമ്മിലുള്ള ഭർത്താവ് അറിഞ്ഞ് താക്കീത് നൽകിയതോടെ ഇരുവരും ബലിറാമിനെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നു. സംഭവം നടപ്പാക്കുന്നതിന് മുമ്പ്, വീട്ടിൽ ആരും സാക്ഷികളാകാതിരിക്കാനായി കുട്ടികളെ ബന്ധുവീട്ടിലേക്ക് അയച്ചു. അന്നേദിവസം രാത്രി ഉറങ്ങിക്കിടന്ന ബലിരാമിനെ ശ്വാസംമുട്ടിച്ച് കൊന്നതിനു ശേഷം കഴുത്തറുത്ത് മരണത്തെ ഉറപ്പാക്കിയതായാണ് പോലീസ് പറയുന്നത്.
ഇതിനു പിന്നാലെ. വീട്ടിനുള്ളിൽവച്ചു തന്നെ മൃതദേഹം മൂന്നു ഭാഗങ്ങളാക്കി മുറിച്ച് ചാക്കുകളിലും ബെഡ്‌ഷീറ്റുകളിലും പൊതിഞ്ഞ്, രാഹുലിന്റെ ഓട്ടോറിക്ഷയിൽ കയറ്റി കാട്ടിൽ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് അടുത്ത ദിവസം മുതൽ സുനിത ഭർത്താവിനെ കാണാതായെന്ന കഥ പടുത്തുയർത്തി. പിന്നാലെ വീട് വാടകയ്ക്ക് നൽകി, കുട്ടികളുമായി ഘൻസോളിയിലേക്ക് താമസം മാറ്റി പുതിയ ജീവിതം ആരംഭിക്കുകയും ചെയ്തു.
ഇതിനിടെ ബലിരാമിന്റെ സഹോദരൻ നാട്ടിൽ നിന്ന് എത്തി സംശയം ഉന്നയിച്ചതോടെയാണ് കേസിന് വഴിത്തിരിവ് ലഭിച്ചത്. അന്വേഷണത്തിനിടെ സുനിതയുടെ മൊഴികളിൽ വൈരുദ്ധ്യങ്ങൾ കണ്ടെത്തിയ പോലീസ്, സംഭവത്തിന് ശേഷം മൊബൈൽ ഫോണുകളും സിം കാർഡുകളും മാറ്റിയതും സംശയം ബലപ്പെടുത്തി. കോൾ ഡീറ്റെയിൽ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ വിവിധ നമ്പറുകൾ വഴി സുനിതയുമായി മാത്രം ബന്ധപ്പെടുന്ന രാഹുലിന്റെ വിവരങ്ങൾ പുറത്തുവന്നു.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. മൃതദേഹം ഉപേക്ഷിച്ച സ്ഥലങ്ങളിൽ നിന്ന് അവശിഷ്ടങ്ങൾ കണ്ടെത്താൻ പോലീസ് സംഘം ഗാവ്ലി ദേവ് കാട്ടിൽ തിരച്ചിൽ തുടരുകയാണ്. 11 മാസം കഴിഞ്ഞതിനാൽ ഇത് ഏറെ പ്രയാസകരമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇരുവരെയും കോടതി ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.






