കൊച്ചി: സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി രാജ്യവ്യാപകമായി പുരോഗമിക്കുന്ന ‘സ്വച്ഛത ഹി സേവ’ (Swachhata Hi Seva) ക്യാമ്പയിന്റെ ഭാഗമായി കേരളത്തിലുടനീളം വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് റിലയൻസ് ജിയോ ജീവനക്കാർ. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) സാമൂഹിക സേവന വിഭാഗമായ റിലയൻസ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഈ സന്നദ്ധ സേവനം സംഘടിപ്പിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജിയോ ജീവനക്കാർ ആവേശത്തോടെ പങ്കാളികളാവുകയും പൊതുസ്ഥലങ്ങൾ ശുചീകരിക്കുകയും ചെയ്തു.
ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ 40-ലധികം കേന്ദ്രങ്ങളിലാണ് ജിയോ ജീവനക്കാർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കേരളത്തിലുടനീളമുള്ള 714-ലധികം ജീവനക്കാരും സജീവമായി രംഗത്തിറങ്ങി. കൂടുതൽ ആളുകൾ എത്തിച്ചേരുന്ന പ്രധാന ബീച്ചുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, സ്കൂളുകൾ, പൊതുനിരത്തുകൾ തുടങ്ങിയ പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ശുചീകരണ യജ്ഞം നടത്തിയത്.
പൊതുസ്ഥലങ്ങളുടെ ശുചിത്വം ഉറപ്പാക്കുന്നതിനും ഉത്തരവാദിത്തബോധം വളർത്തുന്നതിനും സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനുമായാണ് ഈ ക്യാമ്പയിൻ സംഘടിപ്പിച്ചത്. സ്വച്ഛ് ഭാരത് മിഷന്റെ 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് രാജ്യവ്യാപകമായി ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നത്.





