കൊച്ചി: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് അനുകൂലമായ നിലപാടെടുത്ത പ്രോസിക്യൂട്ടറെ തെറുപ്പിച്ച് സർക്കാർ. ടി ഗീനാ കുമാരിയെ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ആഭ്യന്തര വകുപ്പിന്റെ ശുപാർശയിൽ മുഖ്യമന്ത്രി ഒപ്പിട്ടു. അഡീഷണൽ പ്ലീഡറായ എം ആർ ഷാജിക്കാണ് പബ്ലിക് പ്രോസിക്യൂട്ടറിൻ്റെ പകരം ചുമതല.
അതുപോലെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എ സന്തോഷ് കുമാറിനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. മുൻ ഗവൺമെൻറ് പ്ലീഡറായിരുന്നു സന്തോഷ് കുമാർ. നാളെ കേസ് പരിഗണിക്കുമ്പോൾ സന്തോഷ് കുമാറായിരിക്കും ഹാജരാകുക. പ്രതികളെ രക്ഷിക്കാൻ കൂട്ടുനിന്ന പ്രോസിക്യൂട്ടറെ മാറ്റുകയാണെന്നും ഇ ഡിയെ ആക്രമിച്ച കേസ് വളരെ ഗൗരവമുളളതാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
അതേസമയം എൽഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട പ്രോസിക്യൂട്ടറാണ് ഗീനാ കുമാരി. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ റെയ്ഡിന് പിന്നാലെ പുറത്തിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൾ ബി കൃഷ്ണ പരാതി നൽകിയിരുന്നു.
പരാതിയിൽ പ്രോസിക്യൂട്ടർ പ്രതിഭാഗവുമായി ഒത്തുകളിച്ചു എന്നും പ്രോസിക്യൂട്ടറെ മാറ്റണമെന്നുമാണ് കമ്മീഷണർ പറഞ്ഞത്. പോലീസ് റിപ്പോർട്ടിന് കടകവിരുദ്ധമായി വാദിച്ചെന്നും പരാതിയിൽ ആരോപിച്ചിരുന്നു.ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒൻപതാം പ്രതി ഹരീഷ് കുമാറിനെ കസ്റ്റഡിയിൽ വേണ്ടെന്ന് ഗീനാ കുമാരി കോടതിയിൽ വാദത്തിനിടെ പറഞ്ഞിരുന്നു. ജാമ്യത്തിനെതിരെയുളള പോലീസ് റിപ്പോർട്ടിന് നേർ വിപരീതമായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. ഇതോടെയാണ് ഗീനാകുമാരിയെ നീക്കാൻ തീരുമാനമായത്. അതേസമയം ഒരു പ്രോസിക്യൂട്ടർക്കെതിരെ സർക്കാർ കോടതിയിലെത്തുന്നത് അപൂർവ്വ സംഭവമാണ്.

















































